വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പേര് ഇനി ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ‘ആർട്ടിഫിഷ്യൽ’ എന്ന വാക്ക് ഈ സാങ്കേതികവിദ്യ വ്യാജമാണെന്ന തോന്നൽ ഉണ്ടാക്കുന്നുവെന്നും അതിനാൽ ഇനി മുതൽ എല്ലാ യു.എസ് സർക്കാർ രേഖകളിലും ‘സൂപ്പർ ഇന്റലിജൻസ് -എസ്.ഐ’ എന്ന് വിളിക്കുമെന്നും ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളും ഈ മാറ്റം പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇനി മുതൽ, അമേരിക്കയുടെ എല്ലാ രേഖകളിലും, ലോകത്തിന്റെ തന്നെ രേഖകളിലും, ആർട്ടിഫിഷ്യൽ എന്നതിന് പകരം കൂടുതൽ കൃത്യമായ സൂപ്പർ എന്ന പദം ഉപയോഗിക്കും. അതായത് സൂപ്പർ ഇന്റലിജൻസ് എസ്.ഐയുടെ പുതിയ ലോകത്തേക്ക് സ്വാഗതം’ ട്രംപ് പറഞ്ഞു. സാങ്കേതികവിദ്യ വ്യാജമല്ല, അതിശയകരമാണെന്നും എന്നാൽ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.ഓരോ പ്രധാന പുതിയ സാങ്കേതികവിദ്യയും വെല്ലുവിളികൾ കൊണ്ടുവരുന്നു. സൂപ്പർ ഇന്റലിജൻസും അതിന് അപവാദമല്ല. എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഗ്ലോബലിസ്റ്റ് പദ്ധതിയെ തള്ളി എ.ഐയെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര സംവിധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ട്രംപ് ശക്തമായി എതിർത്തു. ഇത്തരം നിർദേശങ്ങളെ സാങ്കേതികവിദ്യയുടെ വികസനത്തെ നിയന്ത്രിക്കാനുള്ള ഗ്ലോബലിസ്റ്റ് പദ്ധതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് ഇപ്പോൾ ഏറെ പറയുന്നതിനെ നിയന്ത്രിക്കാൻ ഒരു ഗ്ലോബലിസ്റ്റ് പദ്ധതി കെട്ടിപ്പടുക്കാനുള്ള ഏതൊരു ശ്രമത്തെയും അമേരിക്ക പൂർണ്ണമായും തള്ളിക്കളയുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. നൂതന എ.ഐയും റോബോട്ടുകളും മനുഷ്യരാശിക്ക് അസ്തിത്വ ഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പുകളും ട്രംപ് തള്ളി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് സമാനമായി ഭയം പ്രചരിപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. വ്യാവസായിക വിപ്ലവത്തേക്കാൾ വലുതാകാൻ പോകുന്ന ഒന്നിന്റെ വളർച്ചയെ ഞാൻ തടയാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ആരാണോ എഐ വിജയിക്കുന്നത്, ഇപ്പോൾ ഞാൻ പറയുന്നു ആരാണോ എസ്.ഐ, ആരാണോ സൂപ്പർ ഇന്റലിജൻസ് വിജയിക്കുന്നത്, അവരാണ് വിജയിക്കുന്നത് ട്രംപ് പറഞ്ഞു. അമേരിക്ക ചൈനയേക്കാളും മറ്റ് രാജ്യങ്ങളേക്കാളും വളരെ മുന്നിലാണെന്നും ആ മേധാവിത്വം നിലനിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. എങ്ങനെയാണ് സർക്കാർ ഏജൻസികളിലുടനീളം പേരുമാറ്റം നടപ്പിലാക്കുക, ഇതിന് എക്സിക്യൂട്ടീവ് ഉത്തരവ് വേണോ, നിലവിലുള്ള എല്ലാ എ.ഐ സംവിധാനങ്ങൾക്കും ‘സൂപ്പർ ഇന്റലിജൻസ്’ ബാധകമാണോ അതോ ഏറ്റവും നൂതനമായ മോഡലുകൾക്ക് മാത്രമാണോ എന്ന കാര്യത്തിൽ ട്രംപ് വിശദീകരണം നൽകിയില്ല.

