Thursday, April 30, 2026
HomeNewsരൂപയുടെ മൂല്യം ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി

രൂപയുടെ മൂല്യം ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ യു.എസ് ഡോളറിനെതിരെ 95.01 രൂപ എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 95.20 രൂപയിലെത്തുകയായിരുന്നു. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൂപ്പുകുത്തലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

യു.എസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആഗോള അസംസ്കൃത എണ്ണ വില ഉയർന്നതോടെയാണ് ഇന്ത്യൻ രൂപക്ക് റെക്കോർഡ് തകർച്ച നേരിട്ടത്. യു.എസും ടെഹ്‌റാനും തമ്മിലുള്ള ഏറ്റവും പുതിയ നയതന്ത്രബന്ധത്തിലെ തിരിച്ചടിയാണ് ഡോളറിന്റെ സുരക്ഷിത നിക്ഷേപ ആവശ്യം വർധിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യു.എസ് സെൻട്രൽ ബാങ്ക് ഏറ്റവും പുതിയ ഫെഡറൽ റിസർവ് നയ അവലോകന യോഗത്തിൽ ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്താൻ തീരുമാനിച്ചിരുന്നു.

ബുധനാഴ്ച, യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 94.88 രൂപ എന്ന നിലയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ചകളിൽ തുടർച്ചയായ മൂന്നാംതവണയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 5.8ശതമാനമാണ് ഇന്ത്യൻ രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ ഇടിവാണിത്.

‘എണ്ണവിലയിലെ വർധനവാണ് രൂപയുടെ മൂല്യത്തിൽ പ്രധാന സ്വാധീനം ചെലുത്തിയത്. എണ്ണവില ബാരലിന് 120 യു.എസ് ഡോളറിലെത്തി. ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് യു.എസ് തുടരുന്നതും, ഹുർമുസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും ടാങ്കറിനെയും ഇറാൻ അനുവദിക്കാത്തതും വില വീണ്ടും ഉയരാൻ ഇടയാക്കും.’ ഫിന്റെക്സ് ട്രഷറി അഡ്വൈസേഴ്‌സ് എൽ.എൽ.പി ട്രഷറി മേധാവിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു. ക്രൂഡ് ഓയിൽ വിലയിലെ വർധന ഇന്ത്യയുടെ ഇറക്കുമതി ചെലവുകളെ സാരമായി ബാധിക്കുമെന്നതിനാൽ ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments