കാഠ്മണ്ഡു : ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ പാകിസ്ഥാൻ്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം പങ്കുവെച്ച സംഭവത്തിൽ നേപ്പാൾ എയർലൈൻസ് ക്ഷമ ചോദിച്ചു. എയർലൈൻസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ വന്ന പരസ്യത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ ഇന്ത്യയിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് അധികൃതർ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
തങ്ങളുടെ വിമാന സർവീസുകളെക്കുറിച്ച് വിവരിക്കുന്ന ഗ്രാഫിക്സിലാണ് വിവാദമായ ഭൂപടം ഉൾപ്പെട്ടിരുന്നത്. ജമ്മു കശ്മീരും ലഡാക്കും പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ വരുന്ന രീതിയിലായിരുന്നു ഇതിൻ്റെ ചിത്രീകരണം. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമുയർന്നു. സംഭവം വിവാദമായതോടെ എയർലൈൻസ് പോസ്റ്റ് പിൻവലിക്കുകയും ഇതൊരു സാങ്കേതിക പിഴവാണെന്ന് വിശദീകരിക്കുകയും ചെയ്തു.
അയൽരാജ്യമായ ഇന്ത്യയുമായുള്ള ഊഷ്മളമായ ബന്ധത്തെയാണ് നേപ്പാൾ എയർലൈൻസ് വിലമതിക്കുന്നതെന്നും ഇത്തരം തെറ്റുകൾ മനഃപൂർവ്വമല്ലെന്നും എയർലൈൻസ് വക്താവ് അറിയിച്ചു. ഭൂപടം തയ്യാറാക്കിയതിൽ വന്ന പിശക് പരിശോധിക്കുമെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും എയർലൈൻസ് വ്യക്തമാക്കി. നേപ്പാൾ എയർലൈൻസിൻ്റെ നടപടി ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പേർ രംഗത്തെത്തിയതോടെയാണ് കമ്പനി ഔദ്യോഗികമായി മാപ്പ് പറഞ്ഞത്.
നേരത്തെയും ചില വിദേശ ഏജൻസികൾ ഭൂപടം പ്രസിദ്ധീകരിച്ചപ്പോൾ സമാനമായ തെറ്റുകൾ വരുത്തിയത് വിവാദമായിരുന്നു. 2024ൽ ഇസ്രായേൽ സൈന്യം അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച ഭൂപടത്തിൽ ഇന്ത്യയുടെ ജമ്മു കശ്മീർ ഒഴിവാക്കിയ നിലയിലായിരുന്നു. പ്രതിഷേധം ശക്തമായതോടെ അവർ മാപ്പ് പറയുകയും അത് നീക്കം ചെയ്യുകയും ചെയ്തു. കോവിഡ് കാലത്ത് ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട ലോക ഭൂപടത്തിൽ ലഡാക്കിനെ ചൈനയുടെ ഭാഗമായി അടയാളപ്പെടുത്തിയത് വലിയ നയതന്ത്ര തർക്കത്തിന് കാരണമായി. ഇന്ത്യ ഇതിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ലഡാക്കിനെ ചൈനയുടെ ഭാഗമായി ലൊക്കേഷൻ ടാഗിൽ കാണിച്ചതിന് ട്വിറ്റർ മേധാവി പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകേണ്ടി വരികയും രേഖാമൂലം മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ഒന്നിലധികം തവണ ഭൂപടത്തിൽ കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേറിട്ടോ പാകിസ്ഥാന്റെ ഭാഗമായോ കാണിച്ചതിന് ബി.ബി.സിക്കെതിരെ ഇന്ത്യൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

