Monday, December 23, 2024
HomeWorldലെബനാനിൽ കൂടുതൽ ഒഴിപ്പിക്കലിനൊരുങ്ങി ഇസ്രായേൽ

ലെബനാനിൽ കൂടുതൽ ഒഴിപ്പിക്കലിനൊരുങ്ങി ഇസ്രായേൽ

ബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ യു.എൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതിനു പിന്നാലെ തെക്കൻ ലെബനാനിലുള്ളവർക്കുനേരെ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രായേൽ. ഹിസ്ബുല്ല അംഗങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ആംബുലൻസുകളെയടക്കം ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പടിഞ്ഞാറൻ ബേക്കാ താഴ്‌വരയിൽനിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ 23 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേൽ സൈന്യം ശനിയാഴ്ച ഉത്തരവിട്ടതായാണ് റിപ്പോർട്ട്. തെക്കൻ ലെബനാനിലെ ഇസ്രായേലി ആക്രമണങ്ങളുടെ ലക്ഷ്യമിട്ട ഗ്രാമങ്ങളിൽ പലതും ഇതിനകം ശൂന്യമായി.

ഹിസ്ബുല്ല അംഗങ്ങൾ സഞ്ചരിക്കാനും ആയുധങ്ങൾ കടത്താനും ആംബുലൻസുകൾ ഉപയോഗിക്കുന്നുണ്ടെന്ന് തെളിവുകളൊന്നുമില്ലാതെ ഇസ്രായേലി സൈന്യം ആരോപിച്ചു. കൂടാതെ ഹിസ്ബുല്ല പ്രവർത്തകരുമായി ഇടപെടുന്നത് ഒഴിവാക്കാനും അവരുമായി സഹകരിക്കരുതെന്നും മെഡിക്കൽ ടീമുകൾക്ക് സൈന്യം മുന്നറിയിപ്പു നൽകി. സായുധരായ ആളുകളെ കൊണ്ടുപോകുന്ന ഏത് വാഹനത്തെയും അതി​ന്‍റെ നില പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് എക്സിലെ പോസ്റ്റിൽ ​ഐ.ഡി.എഫ് വക്താവ് പറഞ്ഞു.

കിഴക്കൻ നഗരമായ ബാൽബെക്കിലും ബെക്കാ താഴ്വരയിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. എന്നാൽ, ഇസ്രായേൽ സൈന്യം ഇതിനോട് പ്രതികരിച്ചിട്ടില്ല.

ലെബനാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 50 പാരാമെഡിക്കുകളെങ്കിലും കൊല്ലപ്പെട്ടതായി ഗാർഡിയൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാവരും ഹിസ്ബുള്ളയുമായോ മറ്റു ശിയാ അനുകൂല രാഷ്ട്രീയ പാർട്ടിയുമായോ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആരോഗ്യ പരിപാലന സേവനങ്ങളിൽ പെട്ടവരാണ്.

മെഡിക്കൽ ചാരിറ്റിയായ ‘മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ്’ കഴിഞ്ഞയാഴ്ച ബെയ്‌റൂത്തി​ന്‍റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ക്ലിനിക്ക് അടച്ചുപൂട്ടാൻ നിർബന്ധിതരായി. കനത്ത വ്യോമാക്രമണം കാരണം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സംഘം പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments