തിരുവനന്തപുരം: സിഎംആർഎൽ എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. എസ്എഫ്ഐഒ വീണയുടെ മൊഴി എടുത്തതിൽ വലിയ പ്രതീക്ഷവെച്ച് പുലർത്തുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
വീണയെ സഹായിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നടപടിയും നീക്കങ്ങളും. കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്‌ഐഒ അന്വേഷണവുമായി മുന്നോട്ടുപോകുന്നുവെന്ന് പറഞ്ഞു. ഹൈക്കോടതി വിധി പറഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെ. കേന്ദ്രം എസ്എഫ്‌ഐഒ അന്വേഷണം നടത്തുമെന്ന് പറഞ്ഞതുകൊണ്ട് കേസിന്റെ തീവ്രത ഇല്ലാതായി. പ്രളയം പോലെ ഇത്രയേറേ തെളിവുണ്ടായിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ഈ കേസിൽ ഗൗരവമുള്ള ഒരു നടപടിയും എടുത്തിട്ടില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
എസ്എഫ്‌ഐഒ റിപ്പോർട്ട് വീണയ്ക്ക് അനൂകൂലമായാലും പ്രതികൂലമായാലും കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ബിജെപിയുമായും ആർഎസ്എസുമായും മുഖ്യമന്ത്രി ഉണ്ടാക്കിയ അന്തർധാര സജീവമാണ്. കേന്ദ്ര സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ നേരത്തെ നടപടിയുണ്ടായേനെ. കോടതിയിൽ മാത്രമാണ് പ്രതീക്ഷ.സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ ഓഫീസില്‍ എത്തിയാണ് വീണ വിജയന്‍ മൊഴി നല്‍കിയത്. എക്‌സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നായിരുന്നു ആരോപണം.
സിഎംആർഎൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയായിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. സിഎംആര്‍എല്ലില്‍നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐ ജി എസ് ടി അടച്ചതായി നികുതി വകുപ്പിന്‍റെ കണ്ടെത്തലും പുറത്ത് വന്നിരുന്നു.