Saturday, April 18, 2026
HomeNewsഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിച്ച് ഇറാൻ

ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം ഇറാൻ പിൻവലിച്ചതോടെ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് നാവികർക്കും കപ്പലുകൾക്കും താൽക്കാലിക ആശ്വാസമായി. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കുന്ന കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി കടത്തിവിടാനാണ് അധികൃതരുടെ നീക്കം. നിലവിൽ 20,000ത്തോളം നാവികരും 2100 കോടി ലിറ്റർ എണ്ണ വഹിക്കുന്ന രണ്ടായിരത്തോളം കപ്പലുകളുമാണ് ഒമാനും ഇറാനും ഇടയിലുള്ള ഈ തന്ത്രപ്രധാന പാതയിൽ കുടുങ്ങിക്കിടക്കുന്നത്.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുഎസ്-ഇസ്രായേൽ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ആദ്യം ഭാഗികമായ ഉപരോധം ഏർപ്പെടുത്തിയത്. തുടർന്ന് തിങ്കളാഴ്ച അമേരിക്കയും ചാനലിൽ ഉപരോധം ഏർപ്പെടുത്തിയതോടെ ആഗോള എണ്ണവില കുതിച്ചുയരുകയും വ്യാപാരം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് കുറഞ്ഞത് 13 കപ്പലുകൾക്കെങ്കിലും പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നതായി യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.

ഇറാൻ നാവികസേന അംഗീകരിച്ച നിശ്ചിത പാതകളിലൂടെ സൈനികേതര കപ്പലുകൾക്ക് മാത്രമേ യാത്രാ അനുമതി നൽകുകയുള്ളൂവെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. യുദ്ധസമാനമായ സാഹചര്യത്തിൽ കപ്പലുകൾക്കുള്ളിൽ കുടുങ്ങിയ നാവികർ വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിംഗ് ചൂണ്ടിക്കാട്ടി.

മേഖലയ്ക്ക് അകത്തും പുറത്തുമുള്ള രാജ്യങ്ങൾ ഏകോപിതമായി പ്രവർത്തിച്ചാൽ മാത്രമേ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ സാധിക്കൂ എന്നും ഐസിഎസ് പ്രസ്താവനയിൽ വ്യക്തമാക്കി. വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി കപ്പലുകളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്ര ഏജൻസികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments