ഹൂസ്റ്റണ്‍∙ ഭര്‍ത്താവിനെക്കുറിച്ചുള്ള വാർത്ത ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് ‘ഒക്ടോബര്‍ സര്‍പ്രൈസ്’ ആയപ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായുള്ള ബന്ധം റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് ‘സര്‍പ്രൈസ്’ ആകുമോ എന്ന് ഉറ്റുനോക്കുകയാണ് യുഎസ്. ട്രംപ് പ്രസിഡന്‍റായിരുന്ന കാലത്ത് പുട്ടിന് സ്വകാര്യ ഉപയോഗത്തിനായി കോവിഡ് പരിശോധന ഉപകരണങ്ങൾ അയച്ചുവെന്ന ആരോപണമാണ് നിലവിൽ വിവാദമായിരിക്കുന്നത്.
ബോബ് വുഡ്വാര്‍ഡിന്‍റെ പുറത്തിറങ്ങാൻ പോകുന്ന പുസ്തകമായ ‘വാറി’ല്‍ ആണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതു കെട്ടുകഥയെന്നു പറഞ്ഞ് ട്രംപിന്‍റെ ക്യാംപെയ്ൻ സംഘം ആരോപണം ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ ഇത് ക്രെംലിന്‍ സ്ഥിരീകരിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോർട്ട് ചെയ്തതോടെ വിവാദം ശക്തമായി. 2020 ൽ കോവിഡ് കാലത്ത് ട്രംപ് പുട്ടിന് സ്വകാര്യ ഉപയോഗത്തിനായി അബോട്ട് പോയിന്‍റ് ഓഫ് കെയര്‍ കോവിഡ് ടെസ്റ്റ് മെഷീനുകള്‍ സമ്മാനിച്ചതായി ബോബ് വുഡ്വാര്‍ഡിന്‍റെ പുറത്തിറങ്ങാൻ പോകുന്ന പുസ്തകമായ ‘വാറി’ല്‍ പറയുന്നത് സത്യമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു.
അതേസമയം, പുസ്തകത്തില്‍ ട്രംപും പുട്ടിനുമായി നടത്തിയെന്ന് പറയുന്ന 7 രഹസ്യ ഫോണ്‍ കോളുകളുടെ വാദം പെസ്‌കോവ് നിഷേധിച്ചു. വുഡ്വാര്‍ഡിന്‍റെ പുസ്തകത്തിന്‍റെ പ്രകാശനത്തിന് മുന്നോടിയായാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ട്രംപ് പുടിനുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നതായി ഒന്നിലധികം ഉറവിടങ്ങള്‍ സ്ഥിരീകരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. 81 വയസ്സുകാരനായ മാധ്യമപ്രവര്‍ത്തകനാണ് ബോബ് വുഡ്വാര്‍ഡ്.