ബർലിൻ: യൂറോപ്യൻ നേതാക്കളുമായുള്ള ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി വെള്ളിയാഴ്ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ കണ്ടു. ബര്‍ലിനിലെ ചാന്‍സലറിയില്‍ സംയുക്ത പത്രസമ്മേളനം നടത്തി. ഈ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ അഭിമുഖീകരിക്കുന്ന കടുത്ത ശൈത്യകാലത്തെ മുന്നിൽക്കണ്ട്, ജർമനിയിൽ നിന്ന് കൂടുതൽ സൈനിക, സാമ്പത്തിക സഹായം തേടി.
ചാൻസലർ ഷോൾസ്, യുക്രെയ്നിലെ സമാധാനം റഷ്യ നിർദ്ദേശിക്കില്ലെന്നും അത് രാജ്യാന്തര നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നും വ്യക്തമാക്കി. അതേസമയം, സെലെൻസ്കി 2025 ഓടെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഈ ലക്ഷ്യം കൈവരിക്കാൻ അടുത്ത വർഷവും പിന്തുണ വേണം. ദീർഘദൂര മിസൈലുകൾ ഉൾപ്പെടെ കൂടുതൽ ആധുനിക ആയുധങ്ങൾ ജർമനിയിൽ നിന്ന് വേണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ജർമൻ ചാൻസലർ ഷോൾസ് ഈ ആവശ്യം നിരസിച്ചു.
മിൽട്ടൻ ചുഴലിക്കാറ്റ് കാരണം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജർമനി സന്ദർശനം റദ്ദാക്കിയതിനെത്തുടർന്ന്, യുക്രെയ്ൻ പ്രതിരോധ യോഗം മാറ്റിവച്ചു. റഷ്യൻ സൈന്യം കിഴക്കൻ മേഖലയിൽ ഉടനീളം മുന്നേറ്റം നടത്തുകയും യുദ്ധത്തിൽ തകർന്ന യുക്രെയ്നിലെ പവർ ഗ്രിഡിനെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. സൈന്യം സെലാന്‍ ഡ്രൂജിലെ മുൻനിര ഗ്രാമങ്ങൾ പിടിച്ചെടുത്തതായി വെള്ളിയാഴ്ച റഷ്യ അറിയിച്ചയിരുന്നു.