ദോഹ : പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്ന പുതിയ വിദ്യാഭ്യാസ നയം ഖത്തർ പ്രഖ്യാപിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വൻമാറ്റങ്ങൾ ഉണ്ടാക്കുന്ന അടുത്ത ആറു വർഷത്തെ വിദ്യാഭ്യാസ പദ്ധതിയാണ് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചത്. ഖത്തർ ദേശീയ വിഷന്റെ ഭാഗമായി സ്കൂൾ, കോളജ് ഉൾപ്പെടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസ മേഖല മാറ്റിമറിക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് രൂപം നൽകിയത്.
‘പഠനത്തിന്റെ തീപ്പൊരി ആളിപ്പടരട്ടേ’ എന്ന പ്രമേയത്തിൽ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ ആരംഭിച്ച വിദ്യാഭ്യാസ സമ്മേളനത്തിൽ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ച പുതിയ നയം പ്രാഥമിക തലം മുതൽ ഉന്നത വിദ്യഭ്യാസം വരെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്നതാണ്. പൊതു, സ്വകാര്യ സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുക, അക്കാദമിക് മികവ് വർധിപ്പിക്കുക, പാഠ്യമികവിൽ അധ്യാപകരുടെ ശേഷി വർധിപ്പിക്കുക എന്നിവ ഉൾകൊള്ളുന്നതാണ് പുതിയ നയം.