ന്യൂഡൽഹി : മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ വിമാന ഇന്ധന വില ഇരട്ടിയിലധികമായി വർദ്ധിച്ചതായി റിപ്പോർട്ട്. ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധനവിലയിൽ 104 ശതമാനത്തിൻ്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. നിലവിൽ ഒരു ഗാലൻ വിമാന ഇന്ധനത്തിന് ശരാശരി 4.65 ഡോളറാണ് ആഗോള വിപണിയിലെ വില.
ഇന്ധനവില വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിച്ചത് ഏഷ്യ, ഓഷ്യാനിയ മേഖലകളെയാണ്. ഇവിടെ വിലയിൽ 134 ശതമാനത്തിൻ്റെ വർദ്ധനവുണ്ടായി. ഗാലന് ഏകദേശം 5 ഡോളറിനടുത്താണ് ഈ മേഖലയിലെ നിലവിലെ നിരക്ക്. അതേസമയം വടക്കേ അമേരിക്കയിൽ 88 ശതമാനത്തിൻ്റെ താരതമ്യേന കുറഞ്ഞ വർദ്ധനവാണ് രേഖപ്പെടുത്തിയത്.ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ 30 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ 60 ശതമാനം വർദ്ധനവിനേക്കാൾ വലിയ ആഘാതമാണ് വിമാന ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം കമ്പനികൾക്ക് നൽകുന്നത്.
അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് വിമാന ഇന്ധനമാക്കുമ്പോഴുള്ള വില വ്യത്യാസം കഴിഞ്ഞ വർഷത്തേക്കാൾ 287 ശതമാനം വർദ്ധിച്ചതും തിരിച്ചടിയായി.സാധാരണ ഉപയോഗിക്കുന്ന ബോയിംഗ് 737 പോലുള്ള വിമാനങ്ങൾ ഒരു മണിക്കൂർ പറക്കാൻ 750 മുതൽ 900 ഗാലൻ വരെ ഇന്ധനം ആവശ്യമാണ്. വലിയ വിമാനങ്ങൾക്ക് ഇത് 2,200 ഗാലൻ വരെയാകാം. ഇന്ധനവില ഇരട്ടിയായതോടെ വിമാനക്കമ്പനികൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് മറികടക്കാൻ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാനോ, ഫ്യുവൽ സർചാർജ് ഏർപ്പെടുത്താനോ കമ്പനികൾ നിർബന്ധിതരാകും. ചില ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ വെട്ടിക്കുറയ്ക്കാനും വിമാനക്കമ്പനികൾ ആലോചിക്കുന്നുണ്ട്.

