കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കോട്ടയത്തെ യുഡിഎഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞാണ് രാഹുൽ പുതുപ്പള്ളിയിൽ പ്രസംഗം ആരംഭിച്ചത്. അനാരോഗ്യം മറന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഉമ്മൻചാണ്ടിയുടെ ജനസ്വീകാര്യത ലോകം കണ്ടതാണെന്ന് അദ്ദേഹം അനുസ്മരിച്ചു. പത്ത് വർഷം ഭരണത്തിലിരുന്നിട്ടും റബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത് സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും ഇത് ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ കടന്നാക്രമിച്ച രാഹുൽ, മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. അമേരിക്കയുമായുള്ള കരാറുകളിലൂടെ ഇന്ത്യൻ കർഷകരെ മോദി തീറെഴുതിക്കൊടുത്തുവെന്നും ഡൊണാൾഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
അദാനി അമേരിക്കയിലേക്ക് പോയാൽ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ബിജെപിയുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ ആരോപിച്ചു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്ന ഗുരുതരമായ ആരോപണവും രാഹുൽ ഉന്നയിച്ചു. ശബരിമലയിലെ സ്വർണ്ണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും എന്തുകൊണ്ടാണ് മോദി മിണ്ടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണ്. കോൺഗ്രസിന് മാത്രമേ ബിജെപിയെയും എൽഡിഎഫിനെയും ഒരേപോലെ നേരിടാൻ കരുത്തുള്ളൂ എന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

