Monday, March 30, 2026
HomeIndiaരാജ്യത്ത് മാവോയിസ്റ്റ് ഭീകരത തുടച്ചു നീക്കി എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി ...

രാജ്യത്ത് മാവോയിസ്റ്റ് ഭീകരത തുടച്ചു നീക്കി എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി അമിത് ഷാ

രാജ്യത്ത് ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചുവെന്നും ഭാരതം മാവോയിസ്റ്റ് മുക്തമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. നക്സൽ ഭീഷണിയുടെ കേന്ദ്രമായിരുന്ന ബസ്തർ മേഖല നിലവിൽ പൂർണ്ണമായും വികസനത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷമായി നക്സലിസം ഇല്ലാതാക്കാൻ സർക്കാർ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമാണിതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ഇതിന് വഴിയൊരുക്കിയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചതായും 4800 പേർ കീഴടങ്ങിയതായും അദ്ദേഹം അറിയിച്ചു.കോൺഗ്രസ് സർക്കാരുകൾ ദശാബ്ദങ്ങളോളം ആദിവാസി മേഖലകളെ അവഗണിച്ചതാണ് നക്സലിസം വളരാൻ കാരണമായതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇടതുപക്ഷ തീവ്രവാദം വളരാൻ അനുമതി നൽകിയെന്നും അന്നത്തെ കോൺഗ്രസ് സർക്കാരുകൾ നക്സലിസത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ദാരിദ്ര്യം ഇല്ലാതാക്കാനാണ് നക്സലിസം വന്നതെന്ന് പറയുന്നവർക്ക് തെറ്റുപറ്റി. സത്യത്തിൽ മാവോയിസം മൂലമാണ് ആ മേഖലകളിൽ ദാരിദ്ര്യം ഉണ്ടായതെന്നും വികസനം തടസ്സപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡിൽ കോൺഗ്രസിന് അധികാരം നഷ്ടമായതോടെയാണ് സംസ്ഥാനം മാവോയിസ്റ്റ് മുക്തമായതെന്നും അദ്ദേഹം കൂട്ടിചേർത്തു.മാവോയിസ്റ്റുകളോട് പ്രതിപക്ഷം പുലർത്തുന്ന മൃദുസമീപനത്തെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെടുമ്പോൾ കോൺഗ്രസിന് സങ്കടമാണെന്നും എന്നാൽ ജവാന്മാർ വീരമൃത്യു വരിക്കുമ്പോൾ അവർക്ക് മൗനമാണെന്നും അദ്ദേഹം പരിഹസിച്ചു. ഭാരത് ജോഡോ യാത്രയിൽ നക്സലുകൾ പങ്കെടുത്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധിക്ക് മാലയിട്ട വീഡിയോ പുറത്തുവിട്ടത് രാഹുൽ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാവോയെ ആരാധിക്കുന്ന പ്രതിപക്ഷത്തിന് രാജ്യത്തോട് താല്പര്യമില്ലെന്നും രാഷ്ട്രീയം വിട്ട് രാജ്യത്തിനായി ചിന്തിക്കാൻ അവർ തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

ആയുധം കൈയിലെടുക്കുന്നവർക്ക് മുന്നിൽ ഇനി കീഴടങ്ങുക എന്ന വഴി മാത്രമേയുള്ളൂവെന്നും അല്ലാത്തപക്ഷം വെടിയുണ്ടയ്ക്ക് മറുപടി വെടിയുണ്ട തന്നെയായിരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. ചർച്ചകളുടെ ഭാഷ മാവോയിസ്റ്റുകൾക്ക് അറിയില്ലെന്നും സായുധ പോരാട്ടം ഒരു അനീതിക്കും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. സിആർപിഎഫ് ജവാന്മാരെയും ഛത്തീസ്ഗഡ് പോലീസിനെയും അവരുടെ വിശ്രമമില്ലാത്ത പോരാട്ടത്തിന് അദ്ദേഹം അഭിനന്ദിച്ചു. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയിലെയും പിബിയിലെയും പ്രമുഖ അംഗങ്ങൾ ഉൾപ്പെടെ കീഴടങ്ങിക്കഴിഞ്ഞുവെന്നും അവശേഷിക്കുന്നവർ ഉടൻ നിയമത്തിന് മുന്നിലെത്തുമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments