സൗത്ത് ഫ്ലോറിഡ : സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം 2026 വർഷത്തിലെ പ്രവർത്തന ഉദ്ഘാടനത്തിനു തിരി തെളിഞ്ഞു. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള അതിഥികൾ പങ്കെടുത്തു. മതമേലധ്യക്ഷന്മാരുടെയും സമാജംഗങ്ങളുടെയും സൗത്ത് ഫ്ലോറിഡയിലെ എല്ലാ സമാന്തര സംഘടനകളുടെയും (മയാമി മുതൽ പാം ബീച്ച് വരെയുള്ള) സാന്നിദ്ധ്യത്തിൽ വലിയ ആവേശത്തോടെയാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.

മുഖ്യാതിഥികളായി കൂപ്പർ സിറ്റി മേയർ ജെയിംസ് കുറാൻ, പെംബ്രോക്ക് പൈൻസ് മേയർ ആഞ്ചലോ കാസ്റ്റില്ലോ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. അതിഥികൾ കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേർന്ന് സമൂഹത്തിന്റെ ഐക്യത്തിനും പുരോഗതിക്കും ഒരുമിച്ച് സഹകരിക്കാമെന്ന് അറിയിച്ചു.

കേരള സമാജം പ്രസിഡൻറ് നോയൽ മാത്യു ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്നു പ്രസിഡന്റ് നോയൽ മാത്യു കേരള സമാജം 2026 കമ്മിറ്റി അംഗങ്ങളെയും ഉപസമിതികളെയും പരിചയപ്പെടുത്തി. പുതുക്കിയ വെബ്സൈറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്യുകയും ചെയ്തു പ്രസിഡൻഷ്യൽ പ്രസംഗത്തിൽ അദ്ദേഹം സമാജത്തിന്റെ ഭാവി പ്രവർത്തനങ്ങൾ, സമൂഹ ഏകോപനം, യുവജനങ്ങളുടെ പങ്കാളിത്തം, ഇന്ത്യയിലും അമേരിക്കയിലും ഒരു പോലെ നടത്തുവാൻ ഉദ്ദേശിക്കുന്ന സാമൂഹിക സേവനങ്ങളുടെ രൂപരേഖയെക്കുറിച്ചും വിശദീകരിച്ചു. സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള നിരവധി പദ്ധതികൾ അദ്ദേഹം അവതരിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിൽ കുട്ടികളും യുവജനങ്ങളും ഉൾപ്പെട്ട നിരവധി സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കപ്പെട്ടു, പങ്കെടുത്ത എല്ലാവർക്കും അത് ഒരു മനോഹര അനുഭവമായി മാറി. തുടർന്ന്, എല്ലാവരുടെയും മനം കവർന്ന് ഗൃഹാതുരമായ അനേകം ഓർമ്മകളിലേക്ക് നയിച്ച സംഗീത പരിപാടിയായ “മെഹ്ഫിൽ നിലാവ്” പ്രശസ്ത ക്ലാസിക്കൽ ഗായികയും, സീ ടിവി “സരിഗമ” ജേതാവുമായ ഹരിണി വാസുദേവൻ നയിച്ചു. ഈ പരിപാടിയിൽ നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മലയാളി ഗായകനായ മുരളി കൃഷ്ണയും പങ്കെടുത്തു. സദസ്സിന്റെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ ഈ സംഗീത പരിപാടിയിൽ ഗായകരോടൊപ്പം കാണികളും പങ്കെടുത്തു എന്നതും ശ്രദ്ധേയമായി. അതോടൊപ്പം അശ്വമേധം എന്ന Reverse Quiz പ്രോഗ്രാം അവതരിപ്പിച്ച ജോ സാവിയോ കാണികളുടെ പ്രശംസ നേടി. അങ്ങനെ വ്യത്യസ്തമായ അവതരണരീതീകൊണ്ട് സമൂഹ ഐക്യത്തിനും സൗഹൃദത്തിനും പുതുവഴികൾ തുറക്കുന്ന ഈ ഉദ്ഘാടനം വലിയ വിജയമായി മാറി.

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2026 -ലെ ഭരണസമിതി
നോയൽ മാത്യു (പ്രസിഡന്റ്)
ചെറിയാൻ എബ്രഹാം (വൈസ് പ്രസിഡന്റ്)
സഞ്ജയ് നടുപറമ്പിൽ (സെക്രട്ടറി)
നിധീഷ് ജോസഫ് (ട്രഷറർ)
ദീപക് ഗോപാലകൃഷ്ണൻ(ജോയിന്റ് സെക്രട്ടറി)
വിനോദ് നായർ (ജോയിന്റ് ട്രഷറർ )
അജി വർഗീസ്
ഷിബു ജോസഫ്
നിക്സൺ ജോസഫ്
ബിജു ബെനിയാം
ജെയ്സൺ ജെയിംസ്
Dr.ജോജി ഗീവർഗീസ്
Capt:വിബിൻ വിൻസന്റ്
വാണി സുധീഷ്
ടെസി ആൻ തോമസ്
കവിത മരിയ ഡേവിസ്
രതീഷ് ചിത്രാലയ (പ്രസിഡന്റ് എലെക്റ്റ്)
ബിജു ജോൺ (എക്സ്-ഓഫീഷ്യോ )



