പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് എല്ലാ യുഎസ് പേപ്പർ കറൻസികളിലും ഉൾപ്പെടുത്താൻ യുഎസ് ട്രഷറി വകുപ്പിന്റെ തീരുമാനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ 250-ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായാണ് നടപടി. യുഎസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിങ് പ്രസിഡന്‍റിന്‍റെ ഒപ്പ് കറൻസിയിൽ വരുന്നത്.
1861 ൽ യുഎസ് ഫെഡറൽ കറൻസി ആദ്യമായി പുറത്തിറക്കിയ കാലം മുതൽ ട്രഷററുടെ ഒപ്പാണ് കറൻസിയിൽ ഉണ്ടാകാറുള്ളത്. 165 വര്‍ഷം പഴക്കമുള്ള രീതിയാണ് ഇതോടെ മാറുന്നത്. പുതിയ കറന്‍സി നോട്ടുകളില്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പും ട്രംപിന്റെ ഒപ്പിനൊപ്പം ഉണ്ടാകും. ട്രംപിന്റെ ഒപ്പുള്ള ആദ്യത്തെ 100 ഡോളര്‍ ജൂണിൽ അച്ചടിക്കുമെന്നും വരും മാസങ്ങളിൽ മറ്റ് കറൻസികൾ അച്ചടിക്കുമെന്നും ട്രഷറി അറിയിച്ചു. രാജ്യത്തിന്‍റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ഏറ്റവും ശക്‌തമായ മാർഗമാണിതെന്ന് സ്കോട്ട് ബെസെൻ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

