റിയാദ്: ഇറാനെതിരായ ആക്രമണങ്ങളിൽ നിന്ന് അഞ്ച് ദിവസത്തേക്ക് ഏകപക്ഷീയമായി പിൻവാങ്ങുകയാണെന്ന ഡോണൾഡ് ട്രംപിന്റെ നിർണായക പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയും പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നു. തിങ്കളാഴ്ച ഉച്ചക്ക് വന്ന ട്രംപിന്റെ പ്രഖ്യാപനത്തെ അവഗണിച്ച് വൈകീട്ട് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണ ശ്രമം നടത്തി.
വൈകീട്ടും രാത്രിയിലുമായി ഇടവിട്ടുള്ള സമയങ്ങളിലെത്തിയ അഞ്ച് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. തിങ്കളാഴ്ച രാവിലെ വടക്കൻ, കിഴക്കൻ മേഖലകൾ ലക്ഷ്യമാക്കി എത്തിയ ഏഴ് ഡ്രോണുകൾ നേരത്തെ തടഞ്ഞിരുന്നു.റിയാദ് നഗരത്തെ ലക്ഷ്യം വെച്ച് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ആകാശത്തുവെച്ച് തന്നെ തകർക്കുകയും ചെയ്തു. രണ്ടാമത്തെ മിസൈൽ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

