ലോക ടിബി ദിനത്തോടനുബന്ധിച്ച് കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രം (PHC Kanichar) ഒരുക്കിയ ‘10s’ എന്ന ഹ്രസ്വചിത്രം കണ്ണൂർ ജില്ലാതല ടിബി ബോധവൽക്കരണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
ടിബി രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ചിത്രത്തിൽ, സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അവഗണനകളും രോഗികൾ നേരിടുന്ന മാനസിക-സാമൂഹിക വെല്ലുവിളികളും സൂക്ഷ്മമായി അവതരിപ്പിക്കുന്നു. കരുതലിന്റെയും മനുഷ്യബന്ധങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറയുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണം.
കണിച്ചാർ പി.എച്ച്.സി യിലെ സ്റ്റാഫ് അംഗങ്ങൾ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിബിൻ ബാബു സംവിധാനം ചെയ്ത ചിത്രത്തിന് ശാലിനി വി.ടി ആണ് കഥയും തിരക്കഥയും ഒരുക്കിയത്. അമൽ ബെന്നിയാണ് ഛായാഗ്രഹണം, സംവിധായകൻ ബിബിൻ ബാബു തന്നെയാണ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. ഗാനരചന ജിതിൻ ദേവസ്സി, ഗാനവും പശ്ചാത്തല സംഗീതവും എ ഐ സാധ്യതകൾ ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നത്.
ടിബി ഒരു ചികിത്സിക്കാവുന്ന രോഗമാണെന്നും, സമയബന്ധിതമായ ചികിത്സയും ശരിയായ പരിചരണവും ലഭിച്ചാൽ രോഗമുക്തി സാധ്യമാണെന്നും ചിത്രം ഓർമ്മിപ്പിക്കുന്നു. സമൂഹത്തിൽ ബോധവൽക്കരണം വളർത്താനും രോഗികളോടുള്ള സമീപനം മാറ്റാനും ഈ ഹ്രസ്വചിത്രം സഹായകരമാകുമെന്നാണ് അണിയറ പ്രവർആകർക്കുള്ള പ്രതീക്ഷ.

