ലണ്ടൻ: തെക്കൻ ലെബനനിലെ യു.എൻ സമാധാന സേനാ താവളങ്ങൾക്കുനേരെ ഇസ്രായേൽ മനഃപൂർവം വെടിയുതിർത്തുവെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതായി ബ്രിട്ടീഷ് സർക്കാർ. ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിനെ യു.കെ സർക്കാർ അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമം അനുസരിക്കാൻ സംഘർഷത്തിലേർപ്പെടുന്ന എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നുവെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ആ റിപ്പോർട്ടുകൾ കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി. സമാധാന സേനാംഗങ്ങളും സാധാരണക്കാരും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും വക്താവ് പറഞ്ഞു.
യു.എൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ടാങ്കിൽനിന്നുള്ള വെടിയേറ്റ് രണ്ട് സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഒരാളെ ടയറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തേയാൾ നഖൂറയിൽ ചികിത്സയിലാണ്. 48 മണിക്കൂറിനുള്ളിൽ രണ്ടാം തവണയും നഖൂറ നഗരത്തിലെ തങ്ങളുടെ ആസ്ഥാനത്ത് സ്‌ഫോടനം നടന്നതായി യു.എൻ സമാധാന ദൗത്യ ഏജൻസിയായ ‘യുണിഫിൽ’ പറഞ്ഞു.
തെക്കു പടിഞ്ഞാറൻ ലെബനനിലെ ലബ്ബൂനെയിൽ യു.എൻ അംഗീകൃത അതിർത്തിയായ ‘ബ്ലൂ ലൈനിന്’ സമീപം ഒരു ഇസ്രായേലി ബുൾഡോസർ യു.എൻ സ്ഥാനത്തിന്റെ ചുറ്റളവിൽ ഇടിച്ചതായും ‘യൂണിഫിൽ’ അറിയിച്ചു. എന്നാൽ, ഈ സംഭവങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രതിരോധ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, വ്യാഴാഴ്ച സെൻട്രൽ ബെയ്‌റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെയുണ്ടായ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുകയാണ്.