തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ്. സ്പോട്ട് ബുക്കിംഗ് ആധികാരികമായ രേഖയല്ലെന്നും സ്പോട്ട് ബുക്കിംഗ് ഉണ്ടാകുന്നത് ആശാസ്യമല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വി.എസ്. പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേവസ്വം ബോർഡ് അംഗങ്ങൾ.
ശബരിമലയിൽ 90 ശതമാനം ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇത്തവണ വെർച്വൽ ക്യൂ ബുക്കിംഗ് മാത്രമേ ഉണ്ടാകൂ. സ്പോട്ട് ബുക്കിംഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ആ സമയം ഉചിതമായൊരു തീരുമാനമെടുക്കും.
വർഷങ്ങൾ കഴിയുന്തോറും സ്പോട്ട് ബുക്കിംഗ് വർദ്ധിക്കുകയാണ്. ഇത് ഭക്തരുടെ സുരക്ഷയെ ബാധിക്കും. തീർത്ഥാടകരുടെ സുരക്ഷയ്‌ക്കും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ദേവസ്വം ബോർഡ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. വിശ്വാസികൾ കൂടുതൽ എത്തുമ്പോൾ അത് ദേവസ്വം ബോർഡിന് കൂടുതൽ വരുമാനം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.
ഇത്തവണ വെർച്വൽ ബുക്കിംഗ് മാത്രം മതിയെന്നത് സർക്കാരുമായി ആലോചിച്ചശേഷം എടുത്ത തീരുമാനമാണ്. തീർത്ഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം പറയേണ്ടത് ദേവസ്വവും സർക്കാരുമാണ്.
രാവിലെ മൂന്ന് മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെയും ഉച്ചയ്‌ക്ക് മൂന്ന് മണിമുതൽ രാത്രി 11മണി വരെയുമാണ് ദർശന സമയം. തീർത്ഥാടകർക്ക് പരമാവധി ദർശനസൗകര്യം ഒരുക്കും. വ്രതംനോറ്റ് മല കയറുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ മടങ്ങി പോകേണ്ട അവസ്ഥയുണ്ടാകില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.