കവടിയാർ കൊട്ടാരത്തില്‍ വന്‍ കവർച്ച നടന്നതായി പരാതി. രണ്ട് കോടി രൂപ മൂല്യമുള്ള സ്വർണം മോഷണം പോയതായി പരാതി.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് പൊലീസില്‍ പരാതി നല്‍കി. രണ്ടുദിവസം മുന്‍പാണ് പരാതി നല്‍കിയത്. അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്. സ്വർണമാലകൾ, കമ്മലുകൾ പാദസരങ്ങൾ, വളകൾ പതക്കം, മാട്ടി, കുതിരപ്പവൻ നാണയങ്ങൾ എന്നിവ നഷ്ടമായതായും പരാതിയില്‍ പറയുന്നു. പരമ്പരാഗതമായി കൈമാറിയ വജ്രം പതിച്ച ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞവർഷം നവംബർ മാസത്തിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഗൗരി ലക്ഷ്മി ഭായ് സ്വകാര്യ യാത്രക്കായി ബംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയ ശേഷം അലമാര തുറന്ന് നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം അറിയുന്നത്. കൊട്ടാരത്തിനകത്തേക്ക് പുറത്ത് നിന്നുള്ള ആര്‍ക്കും പ്രവേശനമില്ല. രാജകുടുംബത്തിലെ ആരെങ്കിലും എടുത്തുവെന്ന രീതിയില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അതില്‍ വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് പൊലീസിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം പൊലീസ് പൂർത്തിയാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

