Thursday, March 12, 2026
HomeNewsസിപിഎമ്മിൽ പൊട്ടിത്തെറി: അനുനയ ചർച്ചകൾക്ക് വഴങ്ങാതെ ജി.സുധാകരൻ; ആകാംഷയിൽ രാഷ്ട്രീയ കേരളം

സിപിഎമ്മിൽ പൊട്ടിത്തെറി: അനുനയ ചർച്ചകൾക്ക് വഴങ്ങാതെ ജി.സുധാകരൻ; ആകാംഷയിൽ രാഷ്ട്രീയ കേരളം

ആലപ്പുഴ : മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുന്നതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായി. രാവിലെ 11 മണിക്ക് പറവൂരിലെ സ്വന്തം വസതിയിലാണ് വാർത്താസമ്മേളനം. അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ നീക്കം.

സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഇന്നലെ രാത്രി വീട്ടിലെത്തിയെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു. നേതാക്കളെ വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. 20 മിനിറ്റോളം വീടിന് പുറത്തിരുന്ന് നടത്തിയ സംസാരത്തിനൊടുവിൽ നേതാക്കൾ മടങ്ങിയത് മഞ്ഞുരുകാതെയാണ്. മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചിട്ടും സുധാകരൻ വഴങ്ങിയില്ലെന്നാണ് വിവരം.

പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സുധാകരൻ നിലപാട് വ്യക്തമാക്കുന്നത്. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചാൽ പൂർണ്ണ പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറാണെന്നാണ് സൂചന. സുധാകരൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസും തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയേക്കും.

പാർട്ടിക്കുള്ളിലെ അവഗണനയിൽ പ്രതിഷേധിച്ച് സുധാകരൻ സ്വീകരിക്കുന്ന നിലപാട് ആലപ്പുഴയിലെയും കേരളത്തിലെയും ഇടതുപക്ഷ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇന്ന് 11 മണിക്ക് അദ്ദേഹം എന്ത് പറയുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments