Sunday, February 22, 2026
HomeIndiaസുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടൽ: ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടൽ: ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു : സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദുമായി (ജെ.എം) ബന്ധമുള്ള രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജമ്മു ജില്ലയിലെ കിഷ്ത്വാർ ജില്ലയിൽ നടന്ന കനത്ത ഏറ്റുമുട്ടലിലാണ് നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ ഭീകരരെ സുരക്ഷാ സേന വധിച്ചത്.

കിഷ്ത്വാരിലെ ഛത്രൂ മേഖലയിലുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യം, ജമ്മു കാശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG), സി.ആർ.പി.എഫ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. കഴിഞ്ഞ 15 ദിവസമായി ഈ മേഖലയിൽ സൈന്യത്തിന്റെ കനത്ത തിരച്ചിൽ നടന്നുവരികയായിരുന്നു

തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. അതീവ ദുർഘടമായതും മഞ്ഞുമൂടിയതുമായ വനത്തിനുള്ളിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇനിയും രണ്ട് ഭീകരർ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു മേഖലയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാണ്. മേഖലയിൽ കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞിരിക്കുകയാണ്.ഭീകരർ ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് കൂടുതൽ സൈനിക സന്നാഹത്തെ ഹെലികോപ്റ്റർ മാർഗ്ഗം എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസവും ചാത്രൂ വനമേഖലയിൽ അരഡസനോളം വെടിവെപ്പുകൾ നടന്നിരുന്നു. അന്ന് നടന്ന ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മേഖലയിൽ ഭീകരർ വീണ്ടും തമ്പടിക്കാൻ ശ്രമിക്കുന്നത്. അതിർത്തി കടന്നെത്തിയ ഭീകരർക്ക് പ്രാദേശികമായി സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യവും സൈന്യം പരിശോധിക്കുന്നുണ്ട്. മഞ്ഞുവീഴ്ച കനത്തതോടെ ഭീകരർ ഗുഹകളിലോ വനത്തിനുള്ളിലെ സ്വാഭാവിക താവളങ്ങളിലോ ഒളിച്ചിരിക്കാനാണ് സാധ്യതയെന്നും സൈന്യം വിലയിരുത്തുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments