വാഷിങ്ടണ്‍: ഇറക്കുമതി തീരുവകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച യു എസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയർത്തി ട്രംപ്. കോടതി വിധി മറികടക്കുന്നതിനായി 1974-ലെ ട്രേഡ് ആക്ടിലെ സെഷന്‍ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ആഗോള തീരുവ 15% ഉയര്‍ത്തുന്നതായി ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. നേരത്തെ ഇത് 10 ശതമാനമായിരുന്നു.
ദേശീയ അടിയന്തരാവസ്ഥ നിയമം ഉപയോഗിച്ച് തീരുവ ഉയര്‍ത്തിയത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് പുറത്തുവരുന്ന കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തമാശ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പുതിയ വഴിയിലൂടെ ട്രംപ് വീണ്ടും താരിഫുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. പുതിയ നിയമമനുസരിച്ച് ഫെബ്രുവരി 24 മുതല്‍ പുതിയ തീരുവകള്‍ നിലവില്‍ വരുമെന്നാണ് കരുതുന്നത്.

