Monday, June 29, 2026
HomeAmericaഅമേരിക്കൻ കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്തുന്നുണ്ടോ? രാജ്യങ്ങൾക്ക് 100 ശതമാനം ഇറക്കുമതി...

അമേരിക്കൻ കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്തുന്നുണ്ടോ? രാജ്യങ്ങൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ യെന്ന് ട്രംപ്

വാഷിങ്ടൺ : അമേരിക്കൻ കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി (Digital Services Tax) ചുമത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അത്തരം രാജ്യങ്ങളുമായുള്ള നിലവിലുള്ള വ്യാപാര കരാറുകളും റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.

അമേരിക്കൻ കമ്പനികൾക്ക് ഇത്തരം നികുതി ചുമത്തുന്ന ഏത് രാജ്യത്തിനും ഉടൻ തന്നെ 100 ശതമാനം തീരുവ നേരിടേണ്ടിവരുമെന്നും, നിലവിലുള്ളതോ ഒപ്പുവെച്ചതോ നടപ്പാക്കാനിരിക്കുന്നതോ ആയ വ്യാപാര കരാറുകൾക്കും ഈ തീരുമാനം ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സേവന നികുതി അമേരിക്കൻ സാങ്കേതിക കമ്പനികളെ അന്യായമായി ലക്ഷ്യമിടുന്നതാണെന്ന് ട്രംപ് നേരത്തെയും ആരോപിച്ചിരുന്നു. ആൽഫബെറ്റ് (ഗൂഗിൾ), മെറ്റ തുടങ്ങിയ കമ്പനികൾക്കെതിരെയാണ് ഇത്തരം നികുതികൾ പ്രധാനമായും ബാധകമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ ഈ തീരുമാനം ബാധിക്കാൻ സാധ്യത വളരെ കുറവാണ്. വിദേശ സാങ്കേതിക കമ്പനികൾക്ക് ബാധകമായിരുന്ന ‘ഗൂഗിൾ നികുതി’ (Equalisation Levy) ഇന്ത്യ ഇതിനകം പൂർണമായും പിൻവലിച്ചിട്ടുണ്ട്. 2016-ൽ കൊണ്ടുവന്ന ഈ നികുതി ഇന്ത്യയിൽ നിന്ന് പരസ്യവരുമാനം നേടുന്ന വിദേശ ഡിജിറ്റൽ കമ്പനികൾക്ക് 6 ശതമാനം നിരക്കിലായിരുന്നു.

2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന നിയമഭേദഗതിയിലൂടെ ഡിജിറ്റൽ പരസ്യ സേവനങ്ങൾക്ക് ബാധകമായിരുന്ന നികുതി ഒഴിവാക്കി. അമേരിക്കയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നുവെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. ഇതിനുമുമ്പ്, 2024-ൽ വിദേശ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ബാധകമായിരുന്ന 2 ശതമാനം ഇക്വലൈസേഷൻ ലെവിയും ഇന്ത്യ പിൻവലിച്ചിരുന്നു.

ട്രംപിന്റെ പുതിയ പ്രഖ്യാപനം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത യൂറോപ്യൻ യൂണിയൻ (EU) അംഗരാജ്യങ്ങൾക്കാണ്. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം തീരുവ നിശ്ചയിച്ചിരുന്നെങ്കിലും, ഡിജിറ്റൽ സേവന നികുതി സംബന്ധിച്ച വിഷയം കരാറിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ഈ വിഷയത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തർക്കം തുടരുകയാണ്.

ഈ മാസം ആദ്യം, ഡിജിറ്റൽ സേവന നികുതി പിൻവലിച്ചില്ലെങ്കിൽ ഫ്രാൻസിൽ നിന്നുള്ള വൈനും ഷാംപെയ്‌നും 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 2019 മുതൽ ഫ്രാൻസ്, ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് എന്നിവ ഉൾപ്പെടെയുള്ള കമ്പനികളുടെ രാജ്യത്തിനുള്ളിലെ വരുമാനത്തിന് 3 ശതമാനം ഡിജിറ്റൽ സേവന നികുതി ഈടാക്കുന്നുണ്ട്.ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിന് മറുപടിയായി, യൂറോപ്യൻ യൂണിയന്റെ അവകാശങ്ങളും നിയന്ത്രണ സ്വയംഭരണവും സംരക്ഷിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments