Monday, June 29, 2026
HomeAmericaകൊളറാഡോ-ഉട്ടാ അതിർത്തിയിൽ ശക്തമായ കാട്ടുതീയിൽ പെട്ട് 3 അഗ്നിശമന സേനാംഗങ്ങൾക്ക് ദാരുണാന്ത്യം

കൊളറാഡോ-ഉട്ടാ അതിർത്തിയിൽ ശക്തമായ കാട്ടുതീയിൽ പെട്ട് 3 അഗ്നിശമന സേനാംഗങ്ങൾക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ : അമേരിക്കയിലെ കൊളറാഡോ-ഉട്ടാ അതിർത്തിയിലുണ്ടായ ശക്തമായ കാട്ടുതീ അണയ്ക്കുന്നതിനിടെ മൂന്ന് ഫെഡറൽ അഗ്നിശമന സേനാംഗങ്ങൾക്ക് ദാരുണാന്ത്യം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്റ്റർ മാർഗ്ഗം ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കൊളറാഡോ അതിർത്തിയിലെ മേസ കൗണ്ടിയിൽ ശനിയാഴ്ചയായിരുന്നു അപകടം. മേഖലയിലെ ‘നോൾസ്’, ‘ഗോർ’ എന്നീ കാട്ടുതീ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അതിവേഗം പടർന്ന തീ ഇവരെ എല്ലാ ഭാഗത്തുനിന്നും വളയുകയായിരുന്നു. രക്ഷപ്പെടാനുള്ള വഴികൾ അടഞ്ഞതോടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ പ്രത്യേക സുരക്ഷാ കൂടാരങ്ങൾ ഉപയോഗിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല.

യു.എസ്. വൈൽഡ്‌ലാൻഡ് ഫയർ സർവീസിലെയും യു.എസ്. ഫോറസ്റ്റ് സർവീസിലെയും ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. നടപടികൾ പുരോഗമിക്കുന്നതിനാൽ ഇവരുടെ പേരുകൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജവാന്മാരുടെ വിയോഗത്തിൽ യു.എസ്. വൈൽഡ്‌ലാൻഡ് ഫയർ സർവീസ് ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.മിന്നലിൽ നിന്നുണ്ടായ ചെറിയ തീപിടുത്തങ്ങൾ പിന്നീട് ഒന്നിച്ച് ചേർന്ന് ‘സ്നൈഡർ മേസ ഫയർ’ എന്ന പേരിൽ വലിയൊരു അഗ്നിബാധയായി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പ്രതികൂല കാലാവസ്ഥയാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നത്. അന്തരീക്ഷത്തിലെ കടുത്ത ചൂടും (34 ഡിഗ്രി സെൽഷ്യസ്), മണിക്കൂറിൽ 71 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും കാരണം തീ അതിവേഗം നിയന്ത്രണാതീതമായി പടരുകയാണ്. ഇതിനകം തന്നെ 28,000 ഏക്കറിലധികം വനഭൂമി കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ.

സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് കൊളറാഡോ ഗവർണർ ജാരെഡ് പോളിസും ഉട്ടാ ഗവർണർ സ്പെൻസർ കോക്സും സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൊളറാഡോയിൽ നാഷണൽ ഗാർഡിൻ്റെ സഹായവും അനുവദിച്ചിട്ടുണ്ട്. വിയോഗത്തിൽ ഗവർണർമാർ അനുശോചനം രേഖപ്പെടുത്തുകയും, ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments