ഡോ. മധു നമ്പ്യാർ
കെസിഎസ് വനിതാ ഫോറത്തിന്റെ സിപിആർ & അഗ്നി സുരക്ഷാ പരിശീലനം വിജയകരമായി സംഘടിപ്പിച്ചുകെസിഎസ് വനിതാ ഫോറം മോണ്ട്ഗോമറി കൗണ്ടി ഫയർ & റെസ്‌ക്യൂ സർവീസുമായി (MCFRS) സഹകരിച്ച് സംഘടിപ്പിച്ച സിപിആർ (CPR)യും അഗ്നി സുരക്ഷാ പരിശീലനവും വൻ വിജയമായി. ജീവൻ രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സാമൂഹിക അവബോധം വർധിപ്പിക്കുന്നതിനുള്ള വനിതാ ഫോറത്തിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
Gaitherburg ലുള്ള MCFRS പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടിക്ക് Lt. Irvin Smith നേതൃത്വം നൽകി. അദ്ദേഹത്തോടൊപ്പം FF Abraham Guevara, FF Jose Montoya, FF Cvette Henson എന്നിവർ പരിശീലനം നൽകി.പരിശീലനത്തിൽ പങ്കെടുത്ത മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രായോഗികവും അത്യന്തം ഉപകാരപ്രദവുമായ അറിവുകൾ ലഭിച്ചു. ഹൃദയാഘാതം സംഭവിക്കുമ്പോൾ ഉടൻ ചെയ്യേണ്ട നടപടികൾ, ശരിയായ സിപിആർ സാങ്കേതിക വിദ്യകൾ, അഗ്നിബാധയുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകൾ എന്നിവ വ്യക്തവും സമഗ്രവുമായ രീതിയിൽ വിശദീകരിച്ചു. സിപിആർ പരിശീലനത്തോടൊപ്പം AED (Automated External Defibrillator) ഉപകരണം എങ്ങനെ ഉപയോഗിക്കാമെന്നതിലും പ്രായോഗിക പരിശീലനം നൽകി.

നമ്മുടെ സ്വന്തം സുരക്ഷയ്ക്കു മാത്രമല്ല, കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സിപിആർ പരിശീലനവും സുരക്ഷാ ബോധവൽക്കരണവും അനിവാര്യമാണെന്ന് പരിശീലകർ ഓർമ്മപ്പെടുത്തി.
നിർണായക നിമിഷങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രതികരിക്കാനും പരസ്പരം സംരക്ഷിക്കാനും സഹായിക്കുന്ന ഇത്തരത്തിലുള്ള പരിശീലനങ്ങൾ ഭാവിയിലും സംഘടിപ്പിക്കുമെന്ന് KCS Women’s Forum ഭാരവാഹികളായ ബിന്ദു രാജീവും വൃന്ദ സുരേഷും അറിയിച്ചു.


