സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരത്തിന് മൂന്ന് പേർ അർഹരായി. ഡേവിഡ് ബക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം. ജംപർ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രോട്ടീന്റെ ഘടനയും മറ്റുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് മൂവർക്കും പുരസ്‌കാരം.
കംപ്യൂട്ടേഷനൽ പ്രോട്ടീൻ ഡിസൈനിനാണ് ഡേവിഡ് ബക്കറിന് പുരസ്‌കാരം. യു എസിലെ വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറാണ്. പ്രോട്ടീൻ സ്ട്രക്ച്ചർ പ്രെഡിക്ഷൻ ഗവേഷണമാണ് ഡെമിസ് ഹസ്സാബിസിനേയും ജോൺ എം. ജംപറിനേയും പുരസ്‌കാരത്തിന് അർഹരാക്കിയത്. നിർമിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രോട്ടീൻ ഘടന നിർവചിക്കുന്ന നിർണായക പഠനമാണ് ഇരുവരും നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ ലബോറട്ടറിയായ ഗൂഗിൾ ഡീപ് മൈൻഡിലെ ഗവേഷകരാണ് ഇരുവരും.
നാനോടെക്‌നോളജിയിലെ ഗവേഷണത്തിന് മൗംഗി ജി. ബാവെൻഡി, ലൂയി ഇ. ബ്രസ്, അലക്‌സി ഐ. എമിക്കോവ് എന്നിവരാണ് കഴിഞ്ഞ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയത്.