ആഗ്ര: താജ്മഹൽ സന്ദർശിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാലുദിവസത്തെ ഉഭയകക്ഷി സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അവസരത്തിലാണ് സന്ദർശനം. ഭാര്യ സാജിത മൊഹമ്മദിനൊപ്പമാണ് അദ്ദേഹം താജ് മഹൽ കാണാനെത്തിയത്. മഹലിന്റെ ഭംഗി വാക്കുകൾകൊണ്ട് വർണിക്കാൻ കഴിയില്ലെന്ന് മുഹമ്മദ് മുയിസു പറഞ്ഞു.
“വാക്കുകൾ കൊണ്ട് ഈ ശവകുടീരത്തിന്റെ സൗന്ദര്യത്തെ വിശേഷിപ്പിക്കാൻ പ്രയാസമാണ്. ഈ വിസ്മയിപ്പിക്കുന്ന സങ്കീർണ്ണവും വിഷാദവുമായ കൊത്തുപണികൾ സ്നേഹത്തിന്റെയും വാസ്തുവിദ്യാ മികവിന്റെയും തെളിവാണ്,” മുയിസു സന്ദർശക പുസ്തകത്തിൽ എഴുതി.
ഉത്തർപ്രദേശിലെത്തിയ മുയിസുവിനെയും ഭാര്യ സാജിദ മൊഹമ്മദിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി ക്യാബിനറ്റ് മന്ത്രി യോഗേന്ദ്ര ഉപാധ്യായ വിമാനത്താവളത്തിൽ സ്വീകരിച്ചു. താജ്മഹലിന്റെ ഒരു ചെറിയ പതിപ്പും മന്ത്രി അവർക്ക് സമ്മാനിച്ചു. മാലദ്വീപ് പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് സ്മാരകത്തിൽ രാവിലെ 8 മുതൽ 10 വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം മുയിസു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. കറൻസി കൈമാറ്റ കരാർ, മാലദീപിൽ റുപേ കാർഡ് അവതരണം, ഹനിമാധു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പുതിയ റൺവേ ഉദ്ഘാടനം തുടങ്ങി നിരവധി ഉടമ്പടികളിൽ ഇരുപക്ഷവും ഒപ്പുവച്ചു.