വാഷിങ്ടൺ : പ്രതിസന്ധികൾക്ക് കാരണക്കാരൻ മുൻ പ്രസിഡന്റ് ജോ ബൈഡനാണെന്നും തൻ്റെ ഭരണകൂടം പണപ്പെരുപ്പം കുറച്ചെന്നും സാമ്പത്തിക വളർച്ച വർദ്ധിപ്പിച്ചെന്നും ‘ക്രൂരരായ കുറ്റവാളികളെ’ രാജ്യത്തുനിന്ന് പുറത്താക്കിയെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് പദവിയിൽ രണ്ടാമൂഴത്തിൽ ഒരു വർഷം തികയുന്ന വേളയിലാണ് തന്റെ നിലപാടുകളെ ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. വാർത്താസമ്മേളനത്തിനിടെ മുൻ ഭരണകൂടം അക്രമികളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചെന്ന് ആരോപിച്ച് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സസ്മെന്റ് പിടികൂടിയ വ്യക്തികളുടെ ചിത്രങ്ങളും ട്രംപ് ഉയർത്തിക്കാട്ടി.
ഇപ്പോൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തിളങ്ങുകയാണ്. മുൻ ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകളിൽനിന്നു മാറിയപ്പോൾ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. ഞങ്ങളുടെ കയ്യിൽ കിട്ടുമ്പോൾ എല്ലാം കുഴപ്പത്തിലായിരുന്നു. ഇപ്പോൾ ഞങ്ങൾ പണപ്പെരുപ്പം വളരെ കുറച്ചിരിക്കുന്നു. സാമ്പത്തിക വളർച്ച അവിശ്വസനീയമാണ്. നാലാം പാദ ജിഡിപി വളർച്ച അഞ്ച് ശതമാനത്തിൽ കൂടുതലാകുമെന്നും രാജ്യത്തുടനീളം ആയിരക്കണക്കിന് ഫാക്‌ടറികൾ നിർമ്മിക്കുമെന്നും ട്രംപ് പറഞ്ഞു.
ആപ്പിൾ, എൻവിഡിയ, ഫോർഡ്, ജനറൽ മോട്ടോഴ്സ‌്, ഹ്യുണ്ടായ് തുടങ്ങിയ പ്രധാന ആഗോള കമ്പനികളിൽനിന്നുള്ള റെക്കോർഡ് നിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്റ്റോക്ക് മാർക്കറ്റുകളും പെൻഷൻ അക്കൗണ്ടുകളും റെക്കോർഡ് ഉയരത്തിലെത്തിയെന്നും തന്റെ പ്രസിഡന്റ് കാലത്ത് അമേരിക്കക്കാരുടെ വരുമാനം വർദ്ധിച്ചുവെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മാച്ചാഡോയുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും ഞങ്ങൾ അവരുമായി സംസാരിക്കുന്നുണ്ട്. ഒരുപക്ഷേ ഞങ്ങൾ അവരെ ഏതെങ്കിലും രീതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞേക്കും. എനിക്കത് ചെയ്യാൻ കഴിയുമെങ്കിൽ സന്തോഷമെന്നും ട്രംപ് പറഞ്ഞു. തന്റെ ഭരണകൂടത്തിൻ്റെ നേട്ടങ്ങൾ വേണ്ടത്ര പ്രചാരണം നടത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ് ഒരുപക്ഷേ തൻ്റെ പബ്ലിക് റിലേഷൻസ് ആളുകൾക്ക് മോശമായിരിക്കാം, പക്ഷേ ഞങ്ങൾ സ്വയം അത് പ്രചരിപ്പിക്കുന്നില്ലെന്നും പറഞ്ഞു.

