ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിൽ (നാസ) നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മൂന്ന് തവണയായി രാജ്യാന്തര ബഹിരാകാശ യാത്ര നടത്തിയ സുനിത, ബഹിരാകാശത്ത് ഏറ്റവുമധികം സമയം ചെലവഴിച്ച രണ്ടാമത്തെ നാസ സഞ്ചാരി എന്ന റെക്കോർഡുമായാണ് പടിയിറങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ദീർഘകാലം ചിലവഴിച്ച വനിതകളിൽ ഒരാളാണ് അവർ. 608 ദിവസമാണ് ഇവർ ബഹിരാകാശത്ത് കഴിഞ്ഞത്. ഏഴ് തവണയായി ഏകദേശം 50 മണിക്കൂറിലധികം ബഹിരാകാശ നടത്തം (Spacewalk) നടത്തി റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ബഹിരാകാശത്ത് മാരത്തൺ ഓടിയ ആദ്യ വ്യക്തി കൂടിയാണ് സുനിത വില്യംസ്.
2025 ഡിസംബർ 27 മുതൽ വിരമിക്കൽ പ്രാബല്യത്തിൽ വന്നെങ്കിലും യുഎസ് നാസ ജനുവരി 20നാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “സ്പേസ് സ്റ്റേഷനിലെ തന്റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുകയും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത, മനുഷ്യ ബഹിരാകാശ യാത്രയിൽ സുനിത വില്യംസ് ഒരു വഴികാട്ടിയാണ്,” നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. “ശാസ്ത്ര-സാങ്കേതിക പുരോഗതിക്കായി അവർ നടത്തിയ പ്രവർത്തനങ്ങൾ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങൾക്കും ചൊവ്വയിലേക്കുള്ള മുന്നേറ്റത്തിനും അടിത്തറ പാകി, അവരുടെ അസാധാരണ നേട്ടങ്ങൾ തലമുറകളെ വലിയ സ്വപ്നങ്ങൾ കാണാനും സാധ്യമായതിൻ്റെ അതിരുകൾ കടക്കാനും പ്രചോദിപ്പിക്കുന്നത് തുടരും. നിങ്ങളുടെ അർഹമായ വിരമിക്കലിന് അഭിനന്ദനങ്ങൾ, നാസയ്ക്കും നമ്മുടെ രാഷ്ട്രത്തിനും വേണ്ടിയുള്ള നിങ്ങളുടെ സേവനത്തിന് നന്ദി,” ഐസക്മാൻ കൂട്ടിച്ചേർത്തു.
1965 സെപ്റ്റംബർ 19-ന് അമേരിക്കയിലെ ഒഹായോയിലാണ് സുനിത ജനിച്ചത്. പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്ത് സ്വദേശിയാണ്. യുഎസ് നേവിയിൽ പൈലറ്റായി സേവനമനുഷ്ഠിച്ച ശേഷമാണ് 1998-ൽ നാസയുടെ ബഹിരാകാശ യാത്രികയായി സുനിത തിരഞ്ഞെടുക്കപ്പെട്ടത് .ബോയിംഗ് സ്റ്റാർലൈനർ (Boeing Starliner) പേടകത്തിന്റെ ആദ്യ മനുഷ്യസഞ്ചാര പരീക്ഷണ പറക്കലിൽ സുനിതയുണ്ടായിരുന്നു. സാങ്കേതിക തകരാറുകൾ ഉണ്ടായതിനെത്തുടർന്ന് സുനിത വില്യംസിനും സഹയാത്രികൻ ബുച്ച് വിൽമോറിനും മാസങ്ങളോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) തുടരേണ്ടി വന്നു. ദൌത്യത്തിൻ്റെ ഭാഗമായ പേടകത്തിൽ യാത്രയ്ക്കിടയിൽ ഹീലിയം ചോർച്ചയും ത്രസ്റ്ററുകളുടെ (പേടകത്തെ നിയന്ത്രിക്കുന്ന ചെറിയ എഞ്ചിനുകൾ) പ്രവർത്തനക്ഷമത കുറയുന്നതായും കണ്ടെത്തി.
പേടകത്തിന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സഞ്ചാരികളെ തിരികെ കൊണ്ടുവരാൻ സ്റ്റാർലൈനർ ഉപയോഗിക്കേണ്ടെന്ന് നാസ തീരുമാനിച്ചു. എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ ഇവർ ഏകദേശം ഒൻപത് മാസത്തോളം ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്നു.2024 സെപ്റ്റംബറിൽ സ്റ്റാർലൈനർ യാത്രക്കാരില്ലാതെ ഭൂമിയിൽ തിരിച്ചിറങ്ങി. ബഹിരാകാശ സഞ്ചാരികളെ 2025 മാർച്ചിൽ സ്പേസ് എക്സിന്റെ പേടകത്തിലാണ് തിരികെ എത്തിച്ചത്.
നിലവിൽ സുനിത വില്യംസ് ഇന്ത്യ സന്ദർശനത്തിലാണ്. 2026 ജനുവരി 22-ന് കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) അവർ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ജനുവരി 20-ന് ന്യൂഡൽഹിയിലെ അമേരിക്കൻ സെന്ററിൽ നടന്ന ‘ഐസ് ഓൺ ദ സ്റ്റാർസ്, ഫീറ്റ് ഓൺ ദ ഗ്രൗണ്ട്’ എന്ന പരിപാടിയിൽ അവർ പങ്കെടുത്തിരുന്നു. താൻ നാസയിൽ നിന്ന് വിരമിച്ച വിവരം ഇന്ത്യയിൽ വെച്ചാണ് സുനിതയും ഔദ്യോഗികമായി അറിയിച്ചത്.

