സാജ് കാവിന്റെ അരികത്ത്
ഫ്ലോറിഡ: ഫൊക്കാന (FOKANA) ആരോഗ്യകരമായ മറ്റൊരു ജനാധിപത്യ മത്സരത്തിനായി ഒരുങ്ങുമ്പോൾ, ജനസമ്മതിയിൽ മുന്നിട്ടുനിൽക്കുന്ന ഒരു നേതൃസാന്നിധ്യം അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിൽ നിന്ന് ജനസേവനത്തിനായി മുന്നോട്ട് വരുന്നു.
ഒരു നിയോഗംപോലെ, ഫൊക്കാന ഫ്ലോറിഡ ആർ.വി.പി.യായ ലിന്റോ ജോളി, മറ്റൊരു മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുമ്പോൾ, അദ്ദേഹത്തെ അടുത്തറിയുന്നവർ മുഴുവൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
“പുതിയ കാലഘട്ടത്തിന് – പുതിയ രീതി” എന്ന ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയുടെ ദർശനത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട്, ഫൊക്കാന സംവിധാനത്തെ എണ്ണയിട്ട യന്ത്രംപോലെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചലിപ്പിക്കാൻ കഴിയുമെന്ന് ലിന്റോ ജോളി ഇതിനകം തന്നെ പ്രവർത്തിയിലൂടെ തെളിയിച്ചിട്ടുണ്ട്.
ഇതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് ഫൊക്കാന ഫ്ലോറിഡ സൺഷൈൻ റീജിയൻ ഇനാഗുറേഷൻ. വലിപ്പച്ചെറുപ്പങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ, സാധാരണക്കാരായ പൊതുജനങ്ങളും സാമൂഹിക നേതാക്കളും പ്രബല വ്യക്തിത്വങ്ങളും ഒരു കല്യാണവീട്ടിലെ വിരുന്നിനെന്നപോലെ സൗഹൃദവും പങ്കാളിത്തവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഗമിച്ച അപൂർവ അനുഭവമായി അത് മാറി.
ഫൊക്കാന എന്ന സംഘടന സമൂഹത്തിന്റെ താഴെ തട്ടിലും അടിസ്ഥാന വർഗ്ഗത്തിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് ഈ ഇനാഗുറേഷനു ഫൊക്കാന എക്സിക്യൂട്ടീവ് അനുമതി നൽകിയത്.
2003-ൽ മറ്റേതൊരു സാധാരണ പ്രവാസിയെപ്പോലെ അമേരിക്കൻ മണ്ണിലേക്കെത്തിയ ലിന്റോ ജോളിയുടെ ജീവിതയാത്ര എളുപ്പമായിരുന്നുവെന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ യാഥാർഥ്യം അതല്ല.
ഉരുക്കിന് ചൂടുകൊണ്ട് കാഠിന്യം ലഭിക്കുന്നതുപോലെ, അനവധി പ്രതികൂല സാഹചര്യങ്ങളെ മനസ്സാന്നിധ്യത്തോടെയും ശക്തമായ ഇച്ഛാശക്തിയോടെയും തരണം ചെയ്താണ് അദ്ദേഹം മുന്നേറിയത്.
2007-ലാണ് ലിന്റോ ജോളി അമേരിക്കയിൽ ഒരു സംരംഭകനായി തന്റെ പ്രയാണം ആരംഭിച്ചത്. വിവിധ ബിസിനസ് മേഖലകളിൽ പ്രവർത്തിച്ചിട്ടും, സമൂഹവുമായി ഉള്ള ബന്ധം അദ്ദേഹം ഒരിക്കലും വിട്ടുനിന്നില്ല. തന്നെ വിശ്വസിച്ചവരെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന ഒരു ആശ്രിതവത്സലനാണ് അദ്ദേഹം എന്നുപറയുന്നത് അതിശയോക്തിയല്ല.
സ്പോർട്സിനോടുള്ള അതീവ താൽപര്യം മൂലം, സ്വന്തമായും കൂട്ടായും നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും, പങ്കെടുത്ത് ജേതാവാകുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിന് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലുണ്ടായ ലിന്റോ ജോളി, തന്റെ അധ്വാനഫലത്തിൽ നിന്നുള്ള ഒരു പങ്ക് അശരണർക്കും സാമൂഹിക പ്രസ്ഥാനങ്ങൾക്കും യാതൊരു വ്യവസ്ഥാപിത താൽപര്യങ്ങളും മുൻനിർത്താതെ എത്തിക്കുന്നതിൽ ഒരിക്കലും മടികാണിച്ചിട്ടില്ല.
ഫ്ലോറിഡയിലെ ഡെയ്റ്റോണയിൽ സ്ഥിരതാമസക്കാരനായ ലിന്റോ ജോളി, അവിടെയുള്ള സാധാരണ മലയാളികൾക്കായി 2021-ൽ “മലയാളി അസോസിയേഷൻ ഡെയ്റ്റോണ” സ്ഥാപിച്ചു.
കടലാസിലൊതുങ്ങിയ ഒരു സംഘടനയല്ല, ആത്മാവുള്ള ഒരു സാമൂഹിക വേദിയായി അത് വളർത്തിയതാണ് അദ്ദേഹത്തിന്റെ വ്യത്യസ്തത. ഇതിന്റെ തെളിവാണ് ഈ അസോസിയേഷനെ പ്രതിനിധീകരിച്ചുള്ള സോക്കർ, ക്രിക്കറ്റ് ടീമുകൾ നോർത്ത് അമേരിക്കയിലുടനീളം നേടിയ നിരവധി വിജയങ്ങൾ.

സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്നേഹനിർബന്ധങ്ങൾക്ക് വഴങ്ങി, 2022-ലാണ് ലിന്റോ ജോളി തന്റെ ജനകീയ മുഖം ഫൊക്കാന വേദിയിലേക്ക് കൂടുതൽ തുറന്നത്. അതിസാമർത്ഥ്യമുള്ളവരെ അനുകമ്പയോടെ സമീപിക്കുകയും, പല വേദനകളും സ്വയം ഏറ്റുവാങ്ങുകയും ചെയ്ത അദ്ദേഹം, ശക്തിയുണ്ടായിട്ടും സഹിഷ്ണുതയുടെ പാതയാണ് എപ്പോഴും തിരഞ്ഞെടുത്തത്.

അമേരിക്കയിൽ സംഭവബഹുലമായ രണ്ട് പതിറ്റാണ്ടുകളുടെ പ്രവാസജീവിതത്തിലൂടെ നേടിയ അനുഭവപരിജ്ഞാനം, തന്റെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളിലൂടെ സാധാരണക്കാരനിലേക്കെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഫൊക്കാന നേതൃത്വത്തിലൂടെ കടന്നുവന്നത്.
നിലവിൽ 2024–2026 കാലഘട്ടത്തിൽ ഫൊക്കാന ഫ്ലോറിഡ ആർ.വി.പി.യായ ലിന്റോ ജോളി, 2026–2028 കാലഘട്ടത്തിലേക്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യം ശക്തമായി രൂപപ്പെട്ടിരിക്കുകയാണ്.
ചരിത്രത്തിന്റെ ഭാഗമായി മാറിയ ഫ്ലോറിഡ സൺഷൈൻ റീജിയൻ ഇനാഗുറേഷനിലൂടെ ലഭിച്ച ഊർജ്ജവും ജനപങ്കാളിത്തവും അടിത്തറയാക്കി, സമൂഹത്തിനുവേണ്ടി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കാൻ തനിക്ക് ഇനിയും ഏറെ ബാക്കിയുണ്ടെന്ന് ലിന്റോ ജോളി വ്യക്തമാക്കുന്നു.
“എന്റെ ഊഴം കഴിഞ്ഞാൽ, സാധാരണ ജനങ്ങളെ സേവിക്കാൻ തയ്യാറായ ശക്തമായ മറ്റൊരു നേതൃത്വത്തിന് പൂർണ്ണ പിന്തുണയോടെ അധികാരം കൈമാറാൻ എനിക്ക് യാതൊരു മടിയുമില്ല” — എന്ന അദ്ദേഹത്തിന്റെ നിലപാട് നേതൃപക്വതയുടെ തെളിവാണ്.
ഒരു സാധാരണക്കാരന്റെ ജീവിതവും വേദനകളും നേരിട്ട് അനുഭവിച്ചറിഞ്ഞ നേതാക്കൾക്കല്ലേ, മറ്റൊരു സാധാരണക്കാരന്റെ സാഹചര്യം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയൂ?
അത്തരം നേതാക്കളല്ലേ ഇന്ന് സമൂഹത്തിന് ആവശ്യം?
ഇതല്ലേ സാധാരണക്കാരെ ഉന്നമനത്തിലേക്ക് നയിക്കുന്ന പ്രായോഗിക മാർഗവും?


