ഇൻഡോർ : ഇന്ത്യ-ന്യൂസിലൻഡ് സൂപ്പർ ത്രില്ലർ ക്രിക്കറ്റ് പരമ്പരയിൽ ന്യൂസിലൻഡ് ജേതാക്കൾ. ഒന്നിനെതിരെ രണ്ടു കളികൾ വിജയിച്ചാണ് കിവീസ് കിരീടമണിഞ്ഞത്. കിങ് കോഹ്‍ലി നിറഞ്ഞാടിയിട്ടും കപ്പ് സ്വന്തമാക്കാൻ ഇന്ത്യക്കായില്ല. ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ച്വറികൾക്ക് സൂപ്പർ സെഞ്ച്വറിയുമായി വിരാട് കോഹ്‍ലി ഒറ്റക്കു പൊരുതിയെങ്കിലും വിജയത്തിന് 41 റൺസ് അകലെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.
ഓരോ കളികൾ വിജയിച്ച ഇരു ടീമിനും ശരിക്കും ഫൈനൽ മത്സരമായിരുന്നു ഇൻഡോറിലേത്. നിർണായക മത്സരത്തിൽ ടോസ് ഇന്ത്യക്കൊപ്പം നിന്നു. ബൗളിങ് തെരഞ്ഞെടുത്ത ക്യാപ്ടൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം തെറ്റിയില്ല എന്നു തെളിയിക്കുന്നതായിരുന്നു തുടക്കത്തിൽ ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. ന്യൂസിലൻഡിന്റെ രണ്ട് ബാറ്റർമാർ സ്കോർ ബോർഡിൽ 5 റൺസായപ്പോഴേക്കും കൂടാരം കയറി. 53 റൺസിൽ മൂന്നാം വിക്കറ്റും വീണു. എന്നാൽ പിന്നീട് കണക്കുകൂട്ടലുകൾ പിഴച്ചു.
50 ഓവറിൽ എട്ടു വിക്കറ്റിന് 337 റൺസാണ് ന്യൂസിലൻഡ് നേടിയത്. സമീപ കാലത്ത് ഉജ്വല ഫോം തുടരുന്ന മിച്ചൽ 131പന്തിൽ 137 റൺസ് എടുത്തു. 15 ഫോറും മൂന്ന് സിക്സറും മിച്ചൽ നേടി. 88 പന്തിലാണ് ഗ്ലെൻ ഫിലിപ്സ് 106 റൺസ് എടുത്തത്. മൂന്ന് സിക്സറുകളും ഒമ്പതും ഫോറുകളുമുൾപ്പെട്ടതാണ് ഫിലിപ്സിന്റെ ഇന്നിങ്സ്. ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും നേരത്തെ വിജയിച്ചതിനാൽ പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്.
നേരത്തെ ടോസ്സ് ലഭിച്ചത് ഇന്ത്യക്കാണ്. 5 റൺസെടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ആശിച്ച തുടക്കം നേടിയെങ്കിലും മിച്ചലിന്റെയും ഫിലിപ്സിന്റെയും പ്രത്യാക്രമണം ഇന്ത്യൻ പദ്ധതികളെ താളം തെറ്റിച്ചു. വിൽ യങ് 30ഉം, മൈക്കൽ ബ്രേസ്വെൽ പുറത്താകാതെ 28 റൺസും സന്ദർശകർക്കായി നേടി. അർഷ്ദീപ് സിങും ഹർഷിദ് റാണയും ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപണർ രോഹിത് ശർമയെ നഷ്ടമായി. 13 പന്തിൽ 11 റൺസെടുത്ത രോഹിത്തിനെ സാക്ക് ഫോക്സ് ആണ് വീഴ്ത്തിയത്. കോഹ്‍ലിയുടെ വീരോചിത പോരാട്ടത്തിനൊപ്പം നിതീഷ് കുമാർ റെഡ്ഡിയുടെയും ഹർഷിത് റാണയുടെയും അർധ സെഞ്ചുറികളും ഇന്ത്യൻ നിരയിൽ പിറന്നു.

