വാഷിംഗ്ടൺ: ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകുന്നത് ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ തയ്യാറാണെന്നും വൈകാതെ യൂറോപ്യൻ രാജ്യങ്ങൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. എൻബിസി ചാനലിന്റെ ‘മീറ്റ് ദ പ്രസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിക് മേഖലയിലെ ആധിപത്യത്തിനായി വരും വർഷങ്ങളിൽ നടക്കാൻ പോകുന്ന വലിയ പോരാട്ടങ്ങളെ മുൻകൂട്ടി കണ്ടാണ് പ്രസിഡന്റ് ട്രംപ് ഗ്രീൻലാൻഡ് വാങ്ങാൻ ശ്രമിക്കുന്നതെന്ന് ബെസന്റ് വ്യക്തമാക്കി. “അമേരിക്ക ഇവിടെ നിയന്ത്രണം ഏറ്റെടുത്തേ മതിയാകൂ,” അദ്ദേഹം പറഞ്ഞു.അമേരിക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അതിനൂതന മിസൈൽ പ്രതിരോധ കവചമായ ‘ഗോൾഡൻ ഡോം’ പൂർത്തിയാക്കാൻ ഗ്രീൻലാൻഡ് ഭൂമിശാസ്ത്രപരമായി അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യൻ രാജ്യങ്ങൾ ദൗർബല്യം പ്രകടിപ്പിക്കുമ്പോൾ അമേരിക്ക കരുത്താണ് പ്രകടിപ്പിക്കുന്നതെന്ന് ബെസന്റ് അവകാശപ്പെട്ടു. നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അമേരിക്കയാണെന്നും അതിനാൽ യൂറോപ്പ് അമേരിക്കയുടെ സുരക്ഷാ കുടക്കീഴിൽ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രീൻലാൻഡ് വിൽപനയെ എതിർക്കുന്ന ഡെന്മാർക്ക്, ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾക്ക് മേൽ ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം നികുതി മാറ്റാൻ ഉടമ്പടി ഒപ്പിടുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് അദ്ദേഹം സൂചന നൽകി. സ്കോട്ട് ബെസന്റിന്റെ ഈ പ്രസ്താവന യൂറോപ്യൻ യൂണിയനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം നാറ്റോ സഖ്യത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്ന് പല നയതന്ത്രജ്ഞരും മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഗ്രീൻലാൻഡ് വിൽപനയ്ക്കും നികുതി ഏർപ്പെടുത്തുന്നതിനും എതിരെ ഡെന്മാർക്കിലും ഗ്രീൻലാൻഡിലും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

