Friday, January 23, 2026
HomeAmericaഇറാനിൽ ഖമനേയിയുടെ ഭരണത്തിന് അവസാനം വേണമെന്ന് ഡോണൾഡ് ട്രംപ്

ഇറാനിൽ ഖമനേയിയുടെ ഭരണത്തിന് അവസാനം വേണമെന്ന് ഡോണൾഡ് ട്രംപ്

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ 37 വർഷത്തെ ഭരണത്തിന് അവസാനം വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ പുതിയ നേതൃത്വത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്ന് മിഡിൽ ഈസ്റ്റിൽ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആഴ്ചകളായുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ച ട്രംപ് പറഞ്ഞു. രണ്ട് ദിവസം മുൻപ് 800-ലധികം പേരെ തൂക്കിലേറ്റാത്തതാണ് അദ്ദേഹം എടുത്ത ഏറ്റവും നല്ല തീരുമാനമെന്നും ട്രംപ് പറഞ്ഞു.

ഇറാനിലെ ഭരണകൂടം അടിച്ചമർത്തലും അക്രമവും ആശ്രയിച്ചാണ് രാജ്യം നടത്തുന്നതെന്ന് ആരോപിച്ച ട്രംപ് രാജ്യത്തെ “പൂർണമായ നാശത്തിലേക്ക്” നയിച്ചതിന് ഖമനേയിയെ കുറ്റപ്പെടുത്തുകയും ചെയ്തു. അപൂർവമായ തോതിൽ അക്രമം ഉപയോഗിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. രാജ്യം എങ്ങനെയെങ്കിലും പ്രവർത്തിപ്പിക്കാൻ – അതും വളരെ താഴ്ന്ന നിലയിൽ – ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്നതിന് പകരം, അമേരിക്കയെ ഞാൻ നടത്തുന്നതുപോലെ ശരിയായ രീതിയിൽ രാജ്യം നടത്തുന്നതിലാണ് നേതൃത്വം ശ്രദ്ധിക്കേണ്ടതെന്നും നേതൃത്വം ഭീതിയിലും മരണത്തിലുമല്ല, ആദരവിലാണ് പ്രവർത്തിക്കേണ്ടതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഖമനേയിയെ “രോഗബാധിതനായ മനുഷ്യൻ” എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാൻ ഇന്ന് ലോകത്തിലെ ഏറ്റവും മോശമായ താമസസ്ഥലങ്ങളിലൊന്നായി മാറിയതിന്റെ കാരണം അവിടത്തെ നേതൃത്വമാണെന്നും പറഞ്ഞു. ഇറാനിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ “നട്ടെല്ലൊടിക്കും” എന്ന് ഖമനേയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ ഉണ്ടായ “നഷ്ടങ്ങൾക്ക്” ട്രംപിനെയാണ് ഖമനേയി കുറ്റപ്പെടുത്തിയത്. രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കാനല്ല ഞങ്ങളുടെ ഉദ്ദേശം. എന്നാൽ ആഭ്യന്തര കുറ്റവാളികൾക്ക് മാപ്പില്ല എന്ന് ഒരു മതാഘോഷത്തോട് അനുബന്ധിച്ച പ്രസംഗത്തിൽ ഖാമനെയി അനുയായികളോട് പറഞ്ഞു.

അന്താരാഷ്ട്ര കുറ്റവാളികളെയും ശിക്ഷയിൽ നിന്ന് ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങളെ “ഭീകര പ്രവർത്തനങ്ങൾ” എന്നും “കലാപങ്ങൾ” എന്നും ഇറാൻ ഭരണകൂടം വിശേഷിപ്പിച്ചു. സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള “അമേരിക്കൻ ഗൂഢാലോചന”യാണിതെന്നും അധികൃതർ ആരോപിച്ചു. അതേസമയം, പ്രതിഷേധിക്കുന്നവരെ കൊന്നാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.“സഹായം വരികയാണ്” എന്ന് പറഞ്ഞ് പ്രതിഷേധകരെ സർക്കാർ സ്ഥാപനങ്ങൾ കൈക്കലാക്കാൻ ട്രംപ് പ്രോത്സാഹിപ്പിച്ചെങ്കിലും അത് നടപ്പായില്ല.

ഇതിനിടെ സുരക്ഷാസേനകൾ കുറഞ്ഞത് 3,428 പ്രതിഷേധക്കാരെയെങ്കിലും കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. നാടുവിട്ട കിരീടാവകാശിയായ റെസാ പഹ്ലവിയും രാജ്യത്തുടനീളം ഇറാനിയരോട് ദേശീയ മുദ്രാവാക്യങ്ങളോടെ ശബ്ദമുയർത്തി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ രാജ്യം വിട്ട പടിഞ്ഞാറൻ അനുകൂല നിലപാടുള്ള തന്റെ പിതാവിന്റെ പേരാണ് നിരവധി പ്രതിഷേധക്കാർ മുഴക്കിയത്.

ട്രംപിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമായി, മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് ബറാക് ഒബാമയെപ്പോലെ തെഹ്റാനുമായി ചർച്ചകൾ നടത്തരുതെന്ന് പഹ്ലവി ആവശ്യപ്പെട്ടു. പ്രസിഡന്റ് ട്രംപ് വാക്ക് പാലിക്കുന്ന ആളാണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം പറഞ്ഞതുപോലെ അവസാനം ഇറാനിയൻ ജനതയുടെ ഒപ്പമാകുമെന്നും പഹ്ലവി പറഞ്ഞു. മതേതര ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന് നേതൃത്വം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പുതിയ ഭരണസംവിധാനം തിരഞ്ഞെടുക്കാൻ ജനവിധി നടത്തുമെന്നും ഞാൻ ഇറാനിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments