വാഷിങ്ടൺ: യൂറോപ്യൻ രാജ്യങ്ങൾക്കു മേല്‍ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു ഉടമ്പടിയിലെത്തുന്നതുവരെ ഈ തീരുവ നിലനിൽക്കുമെന്നാണ് പ്രഖ്യാപനം. ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തോട് യൂറോപ്യൻ രാജ്യങ്ങൾ കാണിക്കുന്ന എതിർപ്പാണ് അധിക തീരുവയ്ക്ക് കാരണം. ഇതിനെതിരെ ഗ്രീൻലൻഡിലും ഡെൻമാർക്കിലും വ്യാപക പ്രതിഷേധം തുങ്ങിയിട്ടുണ്ട്. ഗ്രീൻലാൻഡ് താരിഫില്‍ നിലപാട് കടുപ്പിച്ചത് തെറ്റായ നീക്കമെന്ന് ബ്രിട്ടണ്‍ കുറ്റപെടുത്തി. അംഗീകരിക്കാനാവില്ലെന്നാണ് ഫ്രാൻസിൻ്റെ പ്രതികരണം.
ഫെബ്രുവരി ഒന്നുമുതല്‍ 10 ശതമാനം തീരുവ വർദ്ധിപ്പിക്കുമെന്നാണ് ട്രംപ് ഭരണകൂടമറിയിച്ചത്. ജൂണ്‍ ഒന്നുമുതല്‍ താരിഫ് 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്‌സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രീൻലാൻഡ് വിഷയത്തിൽ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ ഇനിയും താരിഫ് ഉയർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

