Friday, January 23, 2026
HomeAmericaഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അടിയന്തരമടക്കം: നാല് ബഹിരാകാശ യാത്രികരും സുരക്ഷിതർ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അടിയന്തരമടക്കം: നാല് ബഹിരാകാശ യാത്രികരും സുരക്ഷിതർ

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അടിയന്തരമായി തിരിച്ചെത്തിച്ച നാല് സഞ്ചാരികളും സുരക്ഷിതരാണെന്നും ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ അറിയിച്ചു. സ്പേസ് എക്സ്, നാസ സംഘങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യപ്രശ്നമുള്ള സഞ്ചാരി സുരക്ഷിതനാണെന്നും ഐസക്മാൻ വ്യക്തമാക്കി. ഇദ്ദേഹം ഉൾപ്പെടെ നാലുപേരെയും വിദഗ്ധ പരിശോധനകൾക്കായി സാൻ ഡിയാഗോ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസുഖബാധിതനായ വ്യക്തിക്ക് പ്രാഥമിക ചികിത്സകൾ ഇവിടെ നൽകും. ഒരു രാത്രി ആശുപത്രിയിൽ ചെലവഴിച്ച ശേഷം സംഘത്തെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ വ്യക്തമാക്കി.

ചരിത്രത്തിലാദ്യത്തെ അടിയന്തരമടക്കം ആണ് ഇന്ന് നടന്നത്. ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐ എസ് എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ 11 ദൗത്യ സംഘം ഇന്ത്യൻ സമയം ഇന്ന് ഉച്ചയോടെ ഭൂമിയിലിറങ്ങി. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു അടിയന്തര മടക്കം. ക്രൂ-11 സംഘവുമായി സ്പേസ്‌എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്താണ് സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തത്. ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്‌ത ശേഷം പത്തരം മണിക്കൂര്‍ സമയമെടുത്താണ് ഡ്രാഗണ്‍ പേടകത്തിന്‍റെ ലാന്‍ഡിംഗ്. പ്രത്യേക ബോട്ടുപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിച്ചു.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു ഡ്രാഗൺ എൻഡവർ പേടകത്തിന്‍റെ അൺഡോക്കിങ് പ്രക്രിയ. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഐ എസ് എസില്‍ നിന്ന് വേര്‍പ്പെട്ട് ഡ്രാഗണ്‍ എന്‍ഡവര്‍ ഭൂമി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലേക്ക് പേടകത്തെ ഇറക്കുന്ന ഡീ ഓർബിറ്റ് ജ്വലനം മുന്‍നിശ്ചയിച്ച പ്രകാരം 1:21-ന് തന്നെ നടന്നു. 2:12-ന് കാലിഫോർണിയയുടെ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ ഇറങ്ങിയ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുക്കാനുള്ള ചുമതല സ്പേസ്‌എക്‌സിന്‍റെ പ്രത്യേക സംഘത്തിനായിരുന്നു. 

2025 ഓഗസ്റ്റ് ഒന്നിനാണ് ക്രൂ-11 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് രണ്ടാം തീയതി ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്‌തു. ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഈ നാല്‍വര്‍ സംഘം 2026 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് മടങ്ങാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്‍നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്പേസ്എക്‌സ് ക്രൂ-11 സംഘത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിക്ക് ആരോഗ്യപ്രശ്‌നം നേരിട്ടതോടെയാണ് ഭൂമിയിലേക്ക് അടിയന്തരമായി മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments