വാണിജ്യ വിമാനങ്ങൾക്ക് ഇറാൻ തങ്ങളുടെ വ്യോമ അതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തി. അമേരിക്കൻ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയ്ക്കിടെയാണ് ഇന്ന് പുലർച്ചെ മുതൽ ഇറാൻ വ്യോമ അതിർത്തി അടച്ചത്. ഇക്കാര്യത്തിൽ ഇറാൻ വിശദീകരണം നൽകിയിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടേതടക്കമുള്ള സർവീസുകൾക്ക് തടസം നേരിട്ടേക്കാമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര സർവീസുകളെ ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യയും ഇൻഡിഗോ എയർലൈന്‍സും അറിയിച്ചിട്ടുണ്ട്.
റീറൂട്ടിങ് സാധ്യമല്ലാത്തതിനാൽ ചില സർവീസുകൾ റദ്ദാക്കിയെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇറാൻ വ്യോമാതിർത്തി ഒഴിവാക്കണമെന്ന് പല രാജ്യങ്ങളും ഇന്നലെ തന്നെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. വിപണിക്ക് അതേസമയം, ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് അവധിയാണ്. മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് അവധി. ഇരു സൂചികകളിലും ഇന്ന് വ്യാപാരം നടക്കില്ല. ഇക്കൊല്ലത്തെ കലണ്ടർ പ്രകാരം ഇന്ന് ഓഹരി വിപണികൾ പ്രവർത്തിക്കേണ്ടതാണ്. എന്നാൽ തിരഞ്ഞെടുപ്പ് പരിഗണിച്ച് അവധി പ്രഖ്യാപിച്ചു. കറൻസി, കമ്മോഡിറ്റി വിപണികൾക്കും ഇന്ന് അവധിയാണ്. കമ്മോഡിറ്റി വിപണിയിൽ വൈകുന്നേരം അഞ്ച് മുതൽ വ്യാപാരം നടക്കും.
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തുടക്കം മുതൽ ചാഞ്ചാട്ടത്തിലായിരുന്നു. ഇരുസൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്. സെൻസെക്സ് 0.26 ശതമാനം ഇടിഞ്ഞ് 83,382.71ൽ ക്ലോസ് ചെയ്തു. സൂചിക ഒരു വേള 83,185ലേക്ക് താഴുകയും 83,809ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. നിഫ്റ്റിയാകട്ടെ 0.26 ശതമാനം നഷ്ടത്തിൽ 25,791.75 ലാണ് വ്യാപാരം നിറുത്തിയത്. ബാങ്കിങ്, മെറ്റൽ ഓഹരികൾ മുന്നേറിയെങ്കിലും യുഎസ് താരിഫിലെ ആശങ്കയും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റതുമാണ് വിപണിയെ ചുവപ്പിലാക്കിയത്. ഇന്നലെ വിദേശനിക്ഷേപകർ 4,781 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി.
യുഎസ് വിപണിയിലും ഇന്നലെ നഷ്ടം തുടർന്നു. എൻവിഡിയ പോലുള്ള പ്രമുഖ ടെക് കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞതാണ് വിപണിക്ക് തിരിച്ചടിയായത്. നാസ്‍ഡാക്ക് ഒരു ശതമാനവും എസ് ആൻഡ് പി 0.53 ശതമാനവും ഡോ 0.09 ശതമാനവും നഷ്ടത്തിലായി. ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ നിക്ഷേപകരുടെ ആശങ്കയും വിപണിയെ നഷ‍്ടത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. കമ്പനികളുടെ പുറത്തുവരാനിരിക്കുന്ന നാലാം പാദ ഫലങ്ങളും വിപണിയെ സ്വാധീനിച്ചു. നിലവിൽ യുഎസ് ഫീച്ചറുകളും സമ്മിശ്ര പ്രതികരണത്തിലാണ്.
യുറോപ്യൻ വിപണികളിൽ ഓഹരികൾ നേട്ടത്തിലായിരുന്നു. കെമിക്കൽ, ആരോഗ്യ മേഖലകളിലെ ഓഹരികളുടെ നേട്ടമാണ് വിപണിയ്ക്ക് തുണയായത്.അതേസമയം, യുഎസ് വിപണിയിലെ മാന്ദ്യം ഏഷ്യയിലേയ്ക്കും വ്യാപിച്ചു. ഇന്ന് പ്രധാന സൂചികകൾ നഷ്ടത്തിലാണ്. ജപ്പാന്‍റെ നിക്കെയ് സൂചിക ഒരു ശതമാനത്തോളം നഷ്ടത്തിലാണ്. ജാപ്പനീസ് കറൻസിയുടെ വിനിമയ നിരക്ക് മാറ്റവും രാജ്യത്തെ തിരഞ്ഞെടുപ്പുമാണ് നിക്ഷേപകരെ അലട്ടുന്നതെന്ന് വിദഗ്‍ധര്‍. ഷാൻഹായ് സൂചിക 0.10 ശതമാനം നഷ്ടത്തിലാണ്. തുടക്കത്തിൽ നഷ്ടത്തിലായെങ്കിലും ഹോങ് കോങ് സൂചിക പിന്നീട് തിരിച്ചുകയറി.
ട്രെൻഡ് മാറാതെ സ്വർണംരാജ്യാന്തര വിപണിയിൽ സ്വർണവില കയറ്റത്തിൽ തന്നെയാണ്. റെക്കോർഡ് വിലയായ ഔൺസിന് 4,641 ഡോളറിലെത്തിയ സ്വർണം പിന്നീട് ഒരൽപ്പം താഴേക്ക് ഇറങ്ങിയിരുന്നു. ലാഭമെടുപ്പ് ശക്തമായതോടെയാണ് വില കുറഞ്ഞത്. വിപണിയിൽ ശക്തമായ ഡിമാൻഡുള്ളത് വില വീണ്ടും ഉയർത്തി. നിലവിൽ ഔൺസിന് 4,612 ഡോളറെന്ന നിലയിലാണ് വ്യാപാരം. സംസ്ഥാനത്ത് ഇന്നലെ രണ്ട് തവണയായി പവന് 1,080 രൂപയാണ് വർധിച്ചത്. നിലവിൽ റെക്കോർഡ് തുകയായ പവന് 1,05,600 രൂപയിലാണ് സ്വർണം. ഇന്നും വിലയിൽ വർധനയുണ്ടാകാനാണ് സാധ്യതയെന്ന് വിദഗ്‍ധർ പറയുന്നത്. ക്രൂഡ് ഓയിൽ വില ഇന്നും ഇടിവിലാണ്.

