തിരുവനന്തപുരം : എക്സൈസ് ഉദ്യോഗസ്ഥർക്ക് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് നിർദേശം. ഇന്നലെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ വിചിത്ര നിർദേശം നൽകിയത്.
ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, എൻഫോഴ്‌സ്മെൻ്റിന് ഉപയോഗിക്കുന്ന വാഹനം പൈലറ്റായി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും യോഗത്തിൽ നിർദേശം നൽകി.
ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്സൈസ് നട്ടം തിരിയുമ്പോഴാണ് കമ്മീഷണറുടെ നിർദേശം. മന്ത്രിക്ക് എസ്കോർട്ട് നൽകുന്ന ദിവസം എൻഫോഴ്സ്മെന്റ് നടപടികൾ വേണ്ടെന്നും കമ്മീഷണർ നിര്‍ദേശിച്ചു. ഇന്നലെ ചേർന്ന യോഗത്തിന്റെ മിനുറ്റ്സിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തി.
അതേസമയം, എക്സൈസ് കമ്മീഷണറുടെ നിർദേശം വകുപ്പു മന്ത്രി അറിയാതെയെന്നാണ് വിവരം. എക്സൈസ് കമ്മീഷണറുടെ നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു ഉത്തരവിന് സാധ്യതയുമില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.

