ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫെഡ് ചെയർമാനെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണമായിരുന്നു. ഇക്കൊല്ലം മേയിലാണ് പവലിന്‍റെ കാലാവധി അവസാനിക്കുന്നത്. ക്രിമിനൽ കേസ് ചൂണ്ടിക്കാട്ടി അതിന് മുമ്പ് തന്നെ പവലിനെ പുറത്താക്കാൻ ട്രംപ് ഒരുങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിലവിൽ തീരുമാനമെടുത്തില്ലെന്നാണ് ട്രംപിന്‍റെ നിലപാട്.
അതേസമയം, വാണിജ്യ വിമാനങ്ങൾക്ക് ഇറാൻ തങ്ങളുടെ വ്യോമ അതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തി. അമേരിക്കൻ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയ്ക്കിടെയാണ് ഇന്ന് പുലർച്ചെ മുതൽ ഇറാൻ വ്യോമ അതിർത്തി അടച്ചത്. ഇക്കാര്യത്തിൽ ഇറാൻ വിശദീകരണം നൽകിയിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടേതടക്കമുള്ള സർവീസുകൾക്ക് തടസം നേരിട്ടേക്കാമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര സർവീസുകളെ ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യയും ഇൻഡിഗോ എയർലൈന്‍സും അറിയിച്ചിട്ടുണ്ട്.

