ബെംഗളൂരു : സാധാരണ തീവണ്ടികളെക്കാൾ നിരക്ക് കൂടുതലായിരിക്കുമെങ്കിലും ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് വേണമെന്ന ആവശ്യവുമായി മലയാളികൾ. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള നിലവിലെ യാത്രത്തിരക്കും സ്വകാര്യ ബസുകളുടെ നിരക്കും പരിഗണിക്കുമ്പോൾ ഉയർന്ന നിരക്ക് നൽകി വന്ദേഭാരതിൽ യാത്ര ചെയ്യുന്നതാണ് നല്ലതെന്നാണ് ഇവർ പറയുന്നത്. സുഖകരമായ യാത്രയും വന്ദേഭാരത് സ്ലീപ്പറിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ യാത്രാ സമയവും യാത്രക്കാരുടെ പ്രിയപ്പെട്ട യാത്രാമാർഗമാക്കി മാറ്റുമെന്നുമാണ് വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ കേരളത്തിന് ഒരു വന്ദേഭാരത് സ്ലീപ്പർ തീവണ്ടിയെങ്കിലും ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിലായിരിക്കുമെന്ന് ഉറപ്പില്ല. ചെന്നൈ-തിരുവനന്തപുരം, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളാണ് ഇതിനൊപ്പം ശുപാർശ ചെയ്തിരിക്കുന്നത്. ഈ മൂന്ന് റൂട്ടുകളിൽ നിലവിൽ തീവണ്ടി സർവീസ് കുറവ് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിലാണ്. അതിനാൽ ഈ റൂട്ടിൽത്തന്നെ വന്ദേഭാരത് സ്ലീപ്പർ ഓടിത്തുടങ്ങണമെന്നാണ് ബെംഗളൂരുവിലെ മലയാളികളുടെ ആവശ്യം.
സാധാരണ തീവണ്ടികളിലെ നിരക്കും വന്ദേഭാരത് സ്ലീപ്പറിന്റെ നിരക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടാകും. നിലവിലുള്ള യശ്വന്ത്പുർ-തിരുവനന്തപുരം നോർത്ത് ഗരിബ്രഥ്(12257) തീവണ്ടിയിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരം വരെയുള്ള തേഡ് എസി അടിസ്ഥാനനിരക്ക് 753 രൂപയാണ്. റിസർവേഷൻ, ജിഎസ്ടി തുടങ്ങിയവ കൂടി കൂട്ടുമ്പോൾ 880 രൂപയും ഓൺലൈൻ ചാർജുകളും നൽകണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ തീവണ്ടിയുടെ നിരക്ക് ഇതിനെക്കാൾ മൂന്നിരട്ടിയോളമായിരിക്കും.തേഡ് എസിയിൽ കിലോ മീറ്ററിന് 2.4 രൂപയാണ് വന്ദേഭാരത് സ്ലീപ്പറിലെ അടിസ്ഥാനനിരക്ക്. ഇത് പ്രകാരം ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരം സെൻട്രൽ വരെയുള്ള യാത്രയുടെ അടിസ്ഥാനനിരക്ക് 2,060 രൂപയായിരിക്കും. ഇതിനൊപ്പം റിസർവേഷൻ നിരക്ക്, സൂപ്പർ ഫാസ്റ്റ് നിരക്ക്, ജിഎസ്ടി, കേറ്ററിങ് ചാർജ് എന്നിവയും നൽകേണ്ടി വരും. അതിനാൽ അന്തിമനിരക്ക് 2,750 രൂപയിലും കൂടാൻ സാധ്യതയുണ്ട്.
ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിൽ (16526) ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള തേഡ് എസിയിലെ അടിസ്ഥാന നിരക്ക് 1,117 രൂപയാണ്. ബാക്കി ചാർജുകൾ കൂടിയാകുന്നതോടെ 1,215 രൂപയായിരിക്കും. ഇതിനെക്കാൾ 1500 രൂപയെങ്കിലും അധികമായിരിക്കും വന്ദേഭാരത് സ്ലീപ്പറിൽ.
ഇപ്പോൾ ബെംഗളൂരുവിൽനിന്ന് രാവിലെ പുറപ്പെടുന്ന വന്ദേഭാരത് തീവണ്ടിയിൽ എറണാകുളം വരെയുള്ള ചെയർകാർ അടിസ്ഥാന നിരക്ക് 1,159 രൂപയാണ്. 363 രൂപ കേറ്ററിങ് ചാർജ്, 63 രൂപ ജിഎസ്ടി അടക്കം മറ്റ് ചാർജുകൾ കൂടിയാകുന്നതോടെ അന്തിമ നിരക്ക് 1,670 രൂപയാകും. അതായത് അന്തിമനിരക്ക് അടിസ്ഥാന നിരക്കിനെക്കാൾ 511 രൂപ അധികമാണ്. ഓൺലൈനിൽ ടിക്കറ്റെടുക്കുമ്പോൾ അതിന്റെ നിരക്കുകൂടി നൽകണം. വന്ദേഭാരത് സ്ലീപ്പർ സർവീസിലും ഇത്തരത്തിൽ മറ്റ് ചാർജുകൾമാത്രം സാധാരണ തീവണ്ടിയിലെ സെക്കൻഡ് ക്ലാസ് സ്ലീപ്പർ ടിക്കറ്റിനെക്കാൾ കൂടുതലായിരിക്കും.നിരക്ക് കൂടിയാലും യാത്രത്തിരക്കും സ്വകാര്യ ബസ് സർവീസുകളുടെ ചൂഷണവുംകുറയ്ക്കാൻ വന്ദേഭാരത് സ്ലീപ്പർ അത്യാവശ്യം തന്നെയെന്നാണ് ബെംഗളൂരുവിലെ മലയാളികൾ പറയുന്നത്. ഉത്സവകാലങ്ങളിൽ 4,000 രൂപയിൽ കൂടുതലാണ് ബസുകളിൽ ഈടാക്കുന്നത്. പ്രായമുള്ളവർക്ക് അടക്കം സുഖകരമായി യാത്ര ചെയ്യാൻ സാധിക്കുന്നതിനാൽ വന്ദേഭാരത് സ്ലീപ്പർ തീവണ്ടി ബസുകളെക്കാൾ എന്തുകൊണ്ടും മെച്ചമാണെന്നുംപലരും അഭിപ്രായപ്പെടുന്നു. ഇതേ സമയം, യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങൾ വരുമ്പോൾ റെയിൽവേ സാധാരണക്കാരെ മറക്കുന്നുവെന്ന് ചിലർ പ്രതികരിച്ചു

