ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരവും നികുതി വിഷയങ്ങളും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇപ്പോഴും അമേരിക്കയുടെ അനിവാര്യ പങ്കാളിയാണെന്ന് അമേരിക്കയുടെ ഇന്ത്യയിലെ പുതിയ അംബാസഡർ സെർജിയോ ഗോർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും സൗഹൃദം “വളരെ യാഥാർത്ഥ്യമാണെന്നും” അദ്ദേഹം പറഞ്ഞു.
ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട പങ്കാളി മറ്റൊന്നില്ല എന്ന് വ്യക്തമാക്കിയ ഗോർ ഇരു രാജ്യങ്ങളും വ്യാപാര വിഷയങ്ങളിൽ തുടർച്ചയായ ചര്‍ച്ചകൾ നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. അടുത്ത മാസം ഇന്ത്യയെ ‘പാക്സ് സിലിക്ക’യിൽ ചേരാൻ ക്ഷണിക്കാൻ അമേരിക്ക പ്രവർത്തിക്കുമെന്നും ഗോർ അറിയിച്ചു. തിങ്കളാഴ്ച ഔദ്യോഗികമായി അമേരിക്കൻ അംബാസഡറായി സെർജിയോ ഗോർ ചുമതലയേറ്റു. ഈ ആഴ്ചയ്ക്കുള്ളിൽ അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ തന്റെ നിയമന രേഖകൾ സമർപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അംബാസഡറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസംഗത്തിൽ യുഎസിൻ്റെ അംബാസഡറായി ഇവിടെ എത്തിയത് വളരെ സന്തോഷകരമാണ്. ഈ അതുല്യരാജ്യത്തെ ഞാൻ ആഴത്തിലുള്ള ബഹുമാനത്തോടെയും രണ്ട് മഹത്തര രാഷ്ട്രങ്ങളുടെ പങ്കാളിത്തം അടുത്തഘട്ടത്തിലേക്കു കൊണ്ടുപോകുമെന്ന വ്യക്തമായ ദൗത്യത്തോടെയും സമീപിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ ജനാധിപത്യവും ഏറ്റവും വലിയ ജനാധിപത്യവും കൂടുന്ന സ്ഥാനമാണെന്നും ഗോർ പറഞ്ഞു.
ഇതിനിടെ, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ കൂടുതൽ തീരുവ ചുമത്താമെന്ന് യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. “മോദി നല്ല വ്യക്തിയാണ്. ഞാൻ സന്തോഷവാനല്ലെന്ന് അദ്ദേഹം അറിഞ്ഞു, എന്നെ സന്തോഷിപ്പിക്കുന്നത് പ്രധാനമാണ്,” എന്ന് ട്രംപ് എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യയുമായി ഇന്ത്യ വ്യാപാരം നടത്തുന്നുണ്ടെന്നും തീരുവകൾ വേഗത്തിൽ ഉയർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ട്രംപ് റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധ ബില്ലിനും അനുമതി നൽകി. ഇതനുസരിച്ച് റഷ്യയുമായും റഷ്യൻ എണ്ണ, പെട്രോളിയം, യൂറേനിയം എന്നിവയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളുമായും 500 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥയുണ്ട്.
ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തുന്ന തീരുവ 50 ശതമാനമാണ്. ആദ്യം ഇത് 25 ശതമാനമായിരുന്നു. പിന്നീട് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയിനിലെ യുദ്ധത്തിന് ഇന്ധനം നൽകുന്നു എന്ന ആരോപണവുമായി ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം കൂടി തീരുവ വർദ്ധിപ്പിച്ചിരുന്നു. ബിൽ പാസായാൽ, റഷ്യൻ ഉൽപ്പന്നങ്ങളുമായുള്ള വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എല്ലാസാധനങ്ങൾക്കും സേവനങ്ങൾക്കും കുറഞ്ഞത് 500 ശതമാനം തീരുവ നിർബന്ധമാക്കണമെന്നാണ് നിർദേശം.

