വാഷിംഗ്ടൺ : ഡെൻമാർക്കിൽ നിന്ന് വേർപിരിഞ്ഞ് അമേരിക്കയുമായി അടുക്കാൻ ഗ്രീൻലാൻഡ് നിവാസികളെ പ്രേരിപ്പിക്കുന്നതിനായി അവിടുത്തെ ഓരോ പൗരനും വൻ തുക നൽകുന്നത് യുഎസിൻ്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. 10,000 ഡോളർ മുതൽ 100,000 ഡോളർ വരെ നൽകുന്ന കാര്യം പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡെന്മാർക്കിൽ നിന്ന് വേർപിരിഞ്ഞ് അമേരിക്കയുമായി ചേരുന്നതിന് ഗ്രീൻലാൻഡ് നിവാസികളെ പ്രേരിപ്പിക്കുക എന്നതാണ് ഈ ‘ലംപ് സം’ (Lump sum) പേയ്മെന്റുകൾ വഴി ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിക്കും നൽകാൻ ചർച്ച ചെയ്ത തുക ഇന്ത്യൻ രൂപയിൽ ഏകദേശം 8.5 ലക്ഷം രൂപ മുതൽ 85 ലക്ഷം രൂപ വരെയാണ്.
ഗ്രീൻലാൻഡുള്ളത് ഏകദേശം 57,000 പൗരന്മാരാണ്. അങ്ങനെയെങ്കിൽ ഈ പദ്ധതി നടപ്പിലാക്കിയാൽ ആകെ ഏകദേശം 6 ബില്യൺ ഡോളർ (ഏകദേശം 50,000 കോടി രൂപ) ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തന്ത്രപ്രധാനമായ സ്ഥാനം, ധാതു നിക്ഷേപം (Rare earth minerals) എന്നിവ കണക്കിലെടുത്താണ് ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ട്രംപ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഗ്രീൻലാൻഡ് കൂടിയേ തീരു എന്നാണ് ട്രംപ് പറയുന്നത്.
എന്നാൽ ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡ് സർക്കാരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീൻലാൻഡ് ഡാനിഷ് ഉടമസ്ഥതയിലുള്ളതല്ല, മറിച്ച് ഗ്രീൻലാൻഡുകാരുടേതാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ വ്യക്തമാക്കി. അമേരിക്കയുടെ ഈ നീക്കത്തെ “അസംബന്ധം” എന്നാണ് അവർ വിശേഷിപ്പിച്ചത്. ഈ നീക്കം പൗരന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചില ഗ്രീൻലാൻഡ് രാഷ്ട്രീയ നേതാക്കൾ വിമർശിച്ചു. ഗ്രീൻലാൻഡിനെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടായി കാണുന്ന അമേരിക്കൻ സമീപനം ജനാധിപത്യ മൂല്യങ്ങൾക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും വിരുദ്ധമാണെന്നാണ് യൂറോപ്യൻ നേതാക്കളുടെ പക്ഷം.

