ഇസ്ലാമാബാദ്: പാകിസ്താന്റെ സമ്പദ് വ്യവസ്ഥ മുന്നേറുകയാണെന്നും താമസിയാതെ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ധനസഹായം വേണ്ടെന്ന് വെക്കാൻ സാധിച്ചേക്കുമെന്നും പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. സാമ്പത്തിക പ്രതിസന്ധി കാരണം ദേശീയ എയർലൈനായ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് (PIA) വിൽക്കാൻ നിർബന്ധിതരായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ അവകാശവാദവുമായി ഖ്വാജ ആസിഫ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ ഓഡറുകളിൽ ചൈനയുടേതുൾപ്പെടെ വലിയ വർധനയുണ്ടായതായും ഖ്വാജ ആസിഫ് പറഞ്ഞു.
2025 മേയ് മാസത്തിൽ ഇന്ത്യയുമായുണ്ടായ നാല് ദിവസത്തെ സൈനികസംഘർഷത്തിനുശേഷം പാകിസ്താനിലേക്കുള്ള പ്രതിരോധ ഓഡറുകൾ വൻതോതിൽ വർധിച്ചതായും പാകിസ്താന് ഉടൻതന്നെ ഐഎംഎഫിന്റെ വായ്പകൾ വേണ്ടെന്ന് വെക്കാൻ കഴിഞ്ഞേക്കുമെന്നും ചൊവ്വാഴ്ച ജിയോടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖ്വാജ അസഫ് അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള സംഘർഷത്തെ പാകിസ്താൻ അതിജീവിച്ചതിലൂടെ പാക് സൈനികോപകരണങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ കൂടിയതായും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു. പാകിസ്താൻ്റെ സൈനിക മികവ് ലോകശ്രദ്ധ നേടിയതായും ഖ്വാജ ആസിഫ് അവകാശപ്പെട്ടു.
ബുധനാഴ്ച വന്ന ഒരു മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഷഹ്ബാസ് ഷെരീഫ് സർക്കാർ 2026-27 ബജറ്റിനുള്ള സാമ്പത്തിക, ധനകാര്യ മാനദണ്ഡങ്ങളിൽ ഐഎംഎഫിന്റെ ഭാഗത്തുനിന്ന് ചില ഇളവുകൾക്കായി പരിശ്രമിക്കുന്നതായി പാകിസ്താൻ ദ ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
ഐഎംഎഫിൻ്റെ കർശനവായ്പാ വ്യവസ്ഥകളിൽ ചില ഇളവുകൾ പാകിസ്താൻ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.പ്രതിരോധത്തെ വിഷയത്തെക്കുറിച്ചെഴുതുന്ന ചില പത്രപ്രവർത്തകരെപ്പോലെയാണ് ഖ്വാജ ആസിഫ് സംസാരിക്കുന്നതെന്നും ഒരു വിമാനത്തിൻ്റെയോ അന്തർവാഹിനിയുടെയോ മുൻപും പിൻപും തിരിച്ചറിയാൻ പ്രതിരോധമന്ത്രിയ്ക്ക് കഴിയില്ലെന്നും ഖ്വാജ ആസിഫിൻ്റെ അവകാശവാദത്തോട് പാക് രാഷ്ട്രീയ തന്ത്രജ്ഞയും എഴുത്തുകാരിയുമായ ആയിഷ സിദ്ദീഖ പ്രതികരിച്ചു. JF-17, J-10 പോലുള്ള പാക് യുദ്ധവിമാനങ്ങൾക്ക് അസർബൈജാൻ, ലിബിയ തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ നിന്ന് ഓഡർ ലഭിച്ചിട്ടുണ്ട്. JF-17 ൻ്റെ എയർഫ്രെയിമിൻ്റെ ഏകദേശം 58% മാത്രമാണ് പാകിസ്താനിൽ നിർമ്മിക്കുന്നത്. പാകിസ്താൻ പരിമിത ഘടകങ്ങൾ മാത്രമാണ് നിർമ്മിക്കുന്നത്. കൂടാതെ കയറ്റുമതിയിൽ നിന്നുള്ള വരുമാനംപോലും പങ്കാളിയായ ചൈനയുമായി വിഭജിക്കപ്പെടുന്നു, ആയിഷ സിദ്ദീഖ പറഞ്ഞു.

