Friday, January 9, 2026
HomeNewsമാസം രണ്ടരക്കോടി രൂപയുടെ വരുമാനം: അരലക്ഷം രൂപ വൈദ്യുതി ബിൽ അടക്കാൻ പണമില്ല; ...

മാസം രണ്ടരക്കോടി രൂപയുടെ വരുമാനം: അരലക്ഷം രൂപ വൈദ്യുതി ബിൽ അടക്കാൻ പണമില്ല; ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട് : കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടർ വാഹന വകുപ്പ്  എൻഫോഴ്സ്മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫിസ് പ്രവർത്തനം ഇരുട്ടിലായി. വകുപ്പിന്റെ ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും ചാർജ് ചെയ്യാനാവാത്ത സ്ഥിതിയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനവും നിശ്ചലമായി. കുടിശിക അരലക്ഷം രൂപ കടന്നതോടെയാണ് കെഎസ്ഇബി ഫ്യൂസൂരാൻ തീരുമാനിച്ചത്. 

ഫ്യൂസ് ഊരിയതോടെ പാലക്കാട്  ജില്ലയിലെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളുടെ നിരീക്ഷണ സംവിധാനവും നിലച്ചിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾക്ക് പിഴ ഈടാക്കുന്ന പ്രവർത്തനവും നിർത്തിവച്ചു. മാസം രണ്ടരക്കോടി രൂപയുടെ വരുമാനം സർക്കാരിനു നൽകുന്ന ഓഫിസാണ് അരലക്ഷം രൂപ വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് ഇരുട്ടിലായത്.

നേരത്തേ ഓഫിസ് മെയ്ന്റനൻസ് ചുമതലയുള്ള കെൽട്രോൺ അടച്ചിരുന്ന വൈദ്യുതി ബിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ മോട്ടർ വാഹന വകുപ്പിനു കൈമാറി. ആദ്യ മാസങ്ങളിൽ സംസ്ഥാന ഫിനാൻസ് വകുപ്പിനു കൈമാറിയിരുന്ന ബിൽ കൃത്യമായി അടച്ചിരുന്നെങ്കിലും നവംബർ മുതൽ കുടിശികയായി. പോയ മാസവും ട്രാൻസ്പോർട്ട് കമ്മിഷണർ മുഖേന ഫിനാൻസ് വിഭാഗത്തിനു ബിൽ കൈമാറിയെങ്കിലും തുക കൈമാറിയിട്ടില്ലെന്നാണു ആർടിഒ അറിയിക്കുന്നത്.

കഴിഞ്ഞ 2ന് ആണ് വൈദ്യുതി വകുപ്പ് മരുതറോഡ് സെക്‌ഷൻ ഉദ്യോഗസ്ഥരെത്തി കൂട്ടുപാതയിലെ എൻഫോഴ്സ്മെന്റ് ഓഫിസിന്റെ ഫ്യൂസ് ഊരിയത്. നവംബർ, ഡിസംബർ മാസങ്ങളിലെ ബിൽ തുകയായി ആകെ അടയ്ക്കേണ്ടിരുന്നത് 55,476 രൂപയാണ്. ഒരു മാസം കൂടുമ്പോഴാണ് ബിൽ അടയ്ക്കേണ്ടത്. നവംബർ മാസം കുടിശികയായപ്പോൾ തന്നെ കെഎസ്ഇബി അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ ഡിസംബർ മാസത്തെ ബില്ലും കുടിശികയായി ആകെ അടയ്ക്കേണ്ട തുക അര ലക്ഷം കടന്നതോടെ വീണ്ടും കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി മുന്നറിയിപ്പും ഔദ്യോഗികമായി നോട്ടിസും നൽകി.  ബിൽ അടയ്ക്കാൻ തയാറാകാതെ വന്നതോടെ 2നു ഫ്യൂസ് ഊരി. ഇതിനൊപ്പം ജനുവരി മാസത്തെ ഉപയോഗത്തിന് 23,332 രൂപയുടെ ബില്ലും കൈമാറിയിട്ടുണ്ട്.

ഇതോടെ ആകെ പിഴ തുക ഉൾപ്പെടെ 78,903 രൂപ അടയ്ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബി മരുതറോഡ് സെക്‌ഷൻ ഓഫിസ് അറിയിക്കുന്നത്. ജനുവരി 24ന് ആണ് ഈ തുക അടയ്ക്കേണ്ടത്. ഒട്ടേറെത്തവണ സാവകാശവും മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്നും വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നും മരുതറോഡ് കെഎസ്ഇബി അസി.എൻജിനീയർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments