ബേൺ : സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിൽ വൻ സ്ഫോടനം. പത്തിലധികം പേർ കൊല്ലപ്പെട്ടു. 100ൽ അധികം പേർക്ക് പരുക്കേറ്റു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കീ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കും. കൊല്ലപ്പെട്ടവരിൽ ചിലർ മറ്റു രാജ്യക്കാരാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ ആശുപത്രിയുടെ ഐസിയു നിറഞ്ഞുവെന്നും പരുക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ആംബുലൻസുകളും ഹെലിക്കോപ്റ്ററുകളും സ്ഥലത്തേക്ക് എത്തിയിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തരുതെന്ന് പ്രദേശത്തെ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നതായി അവരുടെ വെബ്‌സൈറ്റിലുണ്ട്. പുതുവർഷം പിറന്നതിന്റെ ആഘോഷങ്ങൾ തുടരവേയായിരുന്നു സ്ഫോടനം. നൂറിലേറെ പേർ കൂടിനിന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണമല്ല, തീപിടിത്തമാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. മെഡിക്കൽ സേവനങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുകയാണെന്നും നഗരവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
ആഡംബര റിസോർട്ടുകൾ ഏറെയുള്ള മേഖലയാണ് ക്രാൻസ്–മൊണ്ടാന. ആൽപ്സ് പർവതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വിറ്റ്സർലൻഡിന്റെ തെക്കുപടിഞ്ഞാറ് ഫ്രഞ്ച് സംസാരിക്കുന്നവർ താമസിക്കുന്ന കാന്റൻ വലൈസിലാണ് ക്രാൻസ്–മൊണ്ടാന സ്ഥിതി ചെയ്യുന്നത്. പ്രമുഖ അവധിക്കാല ഡെസ്റ്റിനേഷൻ കൂടിയാണ് സമുദ്ര നിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം. സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിൽനിന്ന് രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്താൽ ഇവിടെത്താം. ബ്രിട്ടനിൽനിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെ അധികവും എത്താറ്. ഫസ്റ്റ് ക്ലാസ് ഗോള്‍ഫ് കോഴ്സുകളുടെ കേന്ദ്രം കൂടിയാണ് ക്രാൻസ്–മൊണ്ടാന. ഗോൾഫ് അക്കാദമിയും ഇവിടുണ്ട്. സ്കീയിങ് മത്സരമായ എഫ്ഐഎസ് വേൾഡ് കപ്പിന് ഈ മാസം അവസാനം ആതിഥ്യമരുളാനിരിക്കുകയാണ് ക്രാൻസ്–മൊണ്ടാന എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

