ന്യൂഡൽഹി : വെനിസ്വേലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം അമേരിക്കൻ സേന പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. ‘മരിനേര’ (Marinera) എന്ന് പേരുള്ള ഈ കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഇന്ത്യക്കാരെക്കൂടാതെ 17 ഉക്രെയ്ൻ പൗരന്മാർ, 6 ജോർജിയക്കാർ, 2 റഷ്യക്കാർ എന്നിവരും ഉൾപ്പെടുന്നു.
വെനിസ്വേലയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം ലംഘിച്ച് എണ്ണ കടത്തിയെന്ന് ആരോപിച്ചാണ് യുഎസ് കോസ്റ്റ് ഗാർഡും സൈന്യവും ചേർന്ന് കപ്പൽ പിടിച്ചെടുത്തത്. ജനുവരി 7-നാണ് ഈ നടപടിയുണ്ടായത്. നേരത്തെ ‘ബെല്ല 1’ (Bella 1) എന്നറിയപ്പെട്ടിരുന്ന ഈ കപ്പൽ, ഡിസംബർ മാസത്തിൽ റഷ്യൻ പതാകപതിപ്പിച്ച് ‘മരിനേര’ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യൻ പൗരന്മാരുൾപ്പെടെയുള്ള ജീവനക്കാർ നിലവിൽ അമേരിക്കൻ അധികൃതരുടെ കസ്റ്റഡിയിലാണ്. ഇവരുടെ സുരക്ഷയും മോചനവും സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.അതേസമയം, അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നാണ് റഷ്യയുടെ പ്രതികരണം. ജീവനക്കാരോട് മാനുഷികമായി പെരുമാറണമെന്നും അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

