Friday, January 9, 2026
HomeNewsരാജ്യത്ത് വിമാന നിർമ്മാണ കമ്പനി തുടങ്ങാൻ ഗൗതം അദാനി

രാജ്യത്ത് വിമാന നിർമ്മാണ കമ്പനി തുടങ്ങാൻ ഗൗതം അദാനി

മുംബൈ : ശതകോടീശ്വരൻ ഗൗതം അദാനിയുടെ കമ്പനി രാജ്യത്ത് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര വിമാന യാത്രകൾക്ക് വേണ്ടിയുള്ള ജെറ്റുകളായിരിക്കും നിർമിക്കുക. ബ്രസീൽ വിമാന കമ്പനിയായ എംബ്രയറുമായി ചേർന്ന് ജെറ്റുകൾ നിർമിക്കാൻ അദാനി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ട്. 70 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും വിമാനങ്ങൾ. എംബ്രയർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇറക്കുമതി ചെയ്ത ഘടകങ്ങൾ കൂട്ടിച്ചേർത്ത് വിമാനം നിർമിക്കാനാണ് ധാരണ. അദാനി എയറോസ്​പേസ് കമ്പനിയാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്. കേന്ദ്ര സർക്കാറിന്റെ ​’മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊർജം പകരുന്നതാണ് അദാനിയുടെ നീക്കം. അതേസമയം, പദ്ധതി സംബന്ധിച്ച് അദാനിയും എംബ്രയറും പ്രതികരിച്ചിട്ടില്ല. വിമാന നിർമാണ പ്ലാന്റ് എവിടെ സ്ഥാപിക്കും, നിക്ഷേപത്തുക എത്ര എന്നതു സംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമായിട്ടില്ല. ഈ മാസം അവസാനത്തോടെ ഹൈദരാബാദിൽ നടക്കുന്ന എയർ ഷോയിൽ പദ്ധതി പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ 1800 ലേറെ വിമാനങ്ങൾക്കാണ് ഓർഡർ ചെയ്തു കാത്തിരിക്കുന്നത്. 80 മുതൽ 146 വ​രെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ചെറിയ വിമാനങ്ങളുടെ വിപണി വളരെ വിശാലമാണെന്ന് എംബ്രയർ സീനിയർ വൈസ് പ്രസിഡന്റ് റൗൾ വില്ലറൻ പറഞ്ഞു. ഇന്ത്യക്ക് അടുത്ത 20 വർഷത്തിനുള്ളിൽ 500 ചെറിയ വിമാനങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യു.എസിലും ബ്രസീലിലും മാത്രമാണ് എംബ്രയറിന് വിമാന നിർമാണ പ്ലാന്റുകളുള്ളത്.

ഇന്ത്യയിൽ വിമാന നിർമാണം തുടങ്ങാൻ ആഗോള കമ്പനികളെ കേന്ദ്ര സർക്കാർ ക്ഷണിച്ചതിന് പിന്നാലെയാണ് എംബ്രയറി​ന്റെ വരവ്. ഇന്ത്യയിൽ നിർമിച്ച വിമാനങ്ങൾ വാങ്ങുന്നവർക്ക് ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എംബ്രയറിന്റെ വിമാന നിർമാണ പദ്ധതി വിജയം കണ്ടാൽ ലോകത്തെ ഒന്നാംനിര കമ്പനികളായ എയർബസും ബോയിങ്ങും രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ.

വാണിജ്യ, പ്രതിരോധ, ബിസിനസ് വിഭാഗങ്ങളിലായി എംബ്രയറിന്റെ 50 ഓളം വിമാനങ്ങൾ ഇന്ത്യയിലുണ്ട്. നിലവിൽ സ്റ്റാർ എയർ കമ്പനിയാണ് എംബ്രയറിന്റെ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ആഭ്യന്തരമായി നിർമിക്കുകയാണെങ്കിൽ സ്റ്റാർ എയർ കൂടുതൽ ജെറ്റുകൾ വാങ്ങാൻ സാധ്യതയു​ണ്ടെന്നാണ് കണക്കുകൂട്ടൽ. അടുത്ത പത്തു വർഷത്തിനി​ടയിൽ ഓർഡർ ചെയ്ത ചെറിയ ഒരു വിമാനം പോലും എയർബസിനും ബോയിങ്ങിനും വിതരണം ​ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാരണത്താൽ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വിമാന സേവനം ആരംഭിക്കാൻ തയാറെടുക്കുന്ന സ്റ്റാർട്ട് അപ്പുകൾ എംബ്രയറി​ന്റെ ഉപഭോക്താക്കളാവുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments