Friday, January 9, 2026
HomeUncategorizedപുതിയ ഭീഷണിയുമായി ട്രംപ്: റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്ക് 500% നികുതി

പുതിയ ഭീഷണിയുമായി ട്രംപ്: റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്ക് 500% നികുതി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം താരിഫ് ചുമത്താനുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പച്ചക്കൊടി. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ പ്രധാനമായും ലക്ഷ്യമിടുന്നതാണ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ ഇറക്കുമതി താരിഫ് ബിൽ. റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സ് തടയുക എന്ന ലക്ഷ്യത്തോടെയാണ് യു എസ് കോൺഗ്രസിൽ ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ യുഎസ് കോൺഗ്രസിൽ ഈ ബില്ലിൻ മേൽ വോട്ടിങ്ങ് ഉണ്ടാകും. പുതിയ ബിൽ യു എസ് കോൺഗ്രസ് കടന്നാൽ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും വലിയ വെല്ലുവിളിയാകും അത്. എണ്ണയ്ക്ക് പുറമെ റഷ്യൻ യുറേനിയം വാങ്ങുന്നവർക്കും ഈ കടുത്ത നികുതി ബാധകമായിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് പുതിയ ബിൽ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ 500 ശതമാനം വരെ നികുതി ചുമത്താൻ ബിൽ നിർദ്ദേശിക്കുന്നുണ്ട്. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന അമേരിക്കൻ ഉപരോധങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വിശദീകരണം. ചൈനയും ഇന്ത്യയും ബ്രസീലുമാണ് റഷ്യൻ എണ്ണ ഏറ്റവുമധികം വാങ്ങുന്നത്. ഇക്കാര്യത്തിൽ ചൈന ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. പുതിന്റെ യുദ്ധസന്നാഹങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുക എന്ന പ്രഖ്യാപനത്തോടെയെത്തുന്ന പുതിയ ഉപരോധ ബില്ല് വലിയ തിരിച്ചടിയാകും ചൈനക്കും ഇന്ത്യക്കും സമ്മാനിക്കുക. ട്രംപിന്‍റെ താരിഫ് യുദ്ധം നിലവിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം നികുതി വർദ്ധിപ്പിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതി ചുമത്തിയതോടെ ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആകെ നികുതി 50 ശതമാനത്തോളം ഉയർന്നിരുന്നു.

റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയും വലിയ തോതിലുള്ള നികുതി യുദ്ധമാണ് അമേരിക്കയിൽ നിന്നും നേരിടുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിയപ്പോൾ, പകരമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ 125 ശതമാനം നികുതി ഏർപ്പെടുത്തി ചൈനയും തിരിച്ചടിച്ചിട്ടുണ്ട്. പുതിയ ബിൽ കൂടി പ്രാബല്യത്തിൽ വരുന്നതോടെ ആഗോള വിപണിയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments