അടുത്ത സാമ്പത്തിക വർഷത്തിൽ (2026–27) ടെലികോം നിരക്ക് 20 ശതമാനം വരെ വർധിക്കുമെന്ന് പ്രവചനം. പുതുവർഷത്തിൽ തന്നെ നിരക്ക് കൂടുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ജനുവരി–മാർച്ച് പാദത്തിൽ ഇതിനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്‍ധരുടെ വിലയിരുത്തൽ. വോഡഫോൺ–ഐഡിയയുടെ എഡിആർ കുടിശികയിൽ കേന്ദ്രം ആശ്വാസ നടപടി പ്രഖ്യാപിച്ചതും റിലയൻസ് ജിയോയുടെ ഓഹരി പ്രവേശനവും നിരക്ക് വർധനയ്ക്ക് അനുകൂലമാണ്. എങ്കിലും നിരക്ക് വർധന പെട്ടെന്ന് നടപ്പിക്കിയേക്കില്ലെന്നാണ് വിലയിരുത്തൽ.
കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്ന പ്ലാനുകളെല്ലാം ഇതിനോടകം മിക്ക കമ്പനികളും പിൻവലിച്ചിട്ടുണ്ട്. പകരം ഒടിടി പ്ലാറ്റ്ഫോമുകൾ കൂടി ഉപയോഗിക്കാൻ കഴിയുന്ന ബണ്ടിൽ പാക്കുകളിലാണ് കൂടുതൽ ശ്രദ്ധ. ഇതിലൂടെ ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) വർധിപ്പിക്കാനാണ് കമ്പനികളുടെ ശ്രമം.
അധികം വൈകാതെ ടെലികോം നിരക്കിൽ 16–20 ശതമാനം വർധനയുണ്ടാകുമെന്നാണ് നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. കഴിഞ്ഞ വർഷങ്ങളിൽ ടെലികോം നിരക്കിൽ മൂന്ന് തവണ വരെയാണ് വർധന വരുത്തിയത്. ഇതിലൂടെ 5ജി സേവനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താനാണ് കമ്പനികളുടെ പദ്ധതി. 2025ൽ 10–20 ശതമാനം വരെയാണ് ടെലികോം നിരക്ക് കൂട്ടിയത്.
2026ന്‍റെ തുടക്കത്തിൽ തന്നെ നിരക്ക് വർധിപ്പിക്കുമെന്നാണ് വിപണി നിരീക്ഷകർ ആദ്യം കരുതിയിരുന്നത്. എന്നാൽ നടപ്പുകലണ്ടർ വർഷത്തിലെ രണ്ടാം പകുതിയിൽ മാത്രമേ ഇതിനുള്ള സാധ്യതയുള്ളെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ. അതായത് 2026 ജൂണിന് ശേഷമേ വില വർധന നടപ്പിലാകുകയുള്ളൂ. അതുവരെ നിരക്ക് നിലവിലത്തെ രീതിയില്‍ തുടരും. അങ്ങനെ വന്നാൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ – ഐഡിയ തുടങ്ങിയ കമ്പനികളുടെ സാമ്പത്തിക വളർച്ചയും പരിമിതമായിരിക്കുമെന്നും വിലയിരുത്തലുണ്ട്.

