ഓട്ടവ : മദ്യപിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിനെ കാനഡയിലെ വാങ്കൂവ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് അധികൃതർ. കാനഡയിലെ വാങ്കൂവർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് മദ്യപിച്ച് ജോലിക്കെത്തിയത്. ക്രിസ്മസിന് തൊട്ടുമുമ്പ് ഡിസംബർ 23നാണ് സംഭവം നടന്നത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരനാണ് പൈലറ്റ് മദ്യപിച്ചെത്തിയ വിവരം അധികൃതരെ അറിയിച്ചത്.
പൈലറ്റ് മദ്യം കഴിക്കുന്നതോ അല്ലെങ്കിൽ മദ്യം വാങ്ങാനെത്തിയപ്പോൾ മണം ശ്രദ്ധയിൽ പെട്ടതോ ആയിരിക്കാം ജീവനക്കാരന് സംശയം തോന്നിയത്. തുടർന്ന് കനേഡിയൻ അധികൃതർ പൈലറ്റിനെ ബ്രെത്ത് അനലൈസർ പരിശോധനക്ക് വിധേയനാക്കി. പരിശോധനയിൽ പൈലറ്റ് മദ്യപിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ എയർ ഇന്ത്യ കോക്പിറ്റ് ക്രൂവിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ഏവിയേഷൻ റെഗുലേറ്റർ ആവശ്യപ്പെട്ടത്.വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് ഈ സംഭവങ്ങൾ നടന്നത്. തുടർന്ന് യാത്ര വൈകി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ അധികൃതർ മാപ്പു ചോദിച്ചു.

