വെനസ്വേലയുടെ പ്രസിഡന്റ് നികോളാസ് മഡൂറോയെയും ഭാര്യയെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയിൽ ഖനനം വർധിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. എന്നാൽ എണ്ണ ഖനനം കൂടിയാൽ പരിസ്ഥിതിക്ക് അത് കനത്ത ആഘാതമായിരിക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഏകദേശം 30,000 കോടി ബാരൽ എണ്ണ നിക്ഷേപമാണ് വെനസ്വേലയിലുള്ളതെന്നാണ് റിപ്പോർട്ട്.
നിലവിലെ ഉൽപാദനം പ്രതിദിനം 10 ലക്ഷം ബാരലിൽ നിന്ന് 15 ലക്ഷമായി ഉയർത്തിയാൽ പോലും വർഷം തോറും 55 കോടി ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ കലരും. ഇത് ബ്രിട്ടൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ ആകെ വാർഷിക മലിനീകരണത്തേക്കാൾ കൂടുതലാണ്. വെനസ്വേലയിലെ എണ്ണ ‘എക്സ്ട്രാ ഹെവി ക്രൂഡ്’ വിഭാഗത്തിൽപ്പെട്ടതാണ്. ഇത് ഖനനം ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും ലോകത്തിലെ മറ്റ് എണ്ണ സ്രോതസ്സുകളേക്കാൾ കൂടുതൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കും. എണ്ണ ഉൽപ്പാദനം വർധിച്ചാൽ കാലാവസ്ഥാ വ്യതിയാനം വേഗത്തിലാകുമെന്ന് എം.ഐ.ടി (മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ) യിലെ വിദഗ്ധൻ ജോൺ സ്റ്റെർമാൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം മാത്രമല്ല വെനസ്വേലയിൽ, മറ്റു പല ധാതുക്കളുടെയും വൻ ശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ധാതു നിക്ഷേപങ്ങളിലും അമേരിക്ക കണ്ണ് വെച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സ്വർണശേഖരം വെനസ്വേലയിലാണെന്ന് കരുതപ്പെടുന്നു. ഏകദേശം 8,000 ടൺ സ്വർണം രാജ്യത്തുണ്ടെന്നാണ് സൂചന. വൈദ്യുതി വാഹനങ്ങളുടെയും (EV) പ്രതിരോധ സാമഗ്രികളുടെയും നിർമാണത്തിന് ആവശ്യമായ നിക്കൽ, കോൾട്ടൻ, ബോക്സൈറ്റ്, ഇരുമ്പയിര് എന്നിവയുടെ വലിയ നിക്ഷേപവും അവിടെയുണ്ട്.
അത്യാധുനിക ചിപ്പുകൾക്കും മറ്റും ആവശ്യമായ അപൂർവ്വ ധാതുക്കളുടെ സാന്നിധ്യവും ഓറിനോക്കോ മൈനിംഗ് ആർക്ക് എന്നറിയപ്പെടുന്ന മേഖലയിൽ ഉണ്ടെന്ന് സൂചനയുണ്ട്.വെനസ്വേലയിലെ എണ്ണ-ധാതു മേഖലകളിൽ അമേരിക്കൻ സ്വകാര്യ കമ്പനികളെക്കൊണ്ട് നിക്ഷേപം നടത്തിക്കാനാണ് യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്.
നിലവിൽ ഈ ഖനന മേഖലകൾ പലതും മാഫിയാ സംഘങ്ങളുടെയും സായുധ ഗ്രൂപ്പുകളുടെയും നിയന്ത്രണത്തിലാണ്. അമേരിക്കൻ സൈന്യത്തിന്റെ സഹായമുണ്ടെങ്കിൽ മാത്രമേ അവിടെ സുരക്ഷിതമായി ഖനനം നടത്താൻ കഴിയൂ എന്ന് കമ്പനികൾ കരുതുന്നു. വെനസ്വേലയുടെ ധാതുസമ്പത്തിനെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ വിവരങ്ങൾ നിലവിൽ ചൈനയുടെ പക്കലാണുള്ളത് (നേരത്തെ നടന്ന സർവേകൾ പ്രകാരം). ഈ മേഖലയിൽ ചൈനയ്ക്കുള്ള സ്വാധീനം കുറയ്ക്കാനും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്.
വെനസ്വേലയിലെ മഴക്കാടുകൾ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഈ ധാതു നിക്ഷേപങ്ങൾ അധികവും. അതിനാൽ പരിസ്ഥിതി പ്രവർത്തകർ ഈ നീക്കത്തിൽ ആശങ്കാകുലരാണ്. വൻതോതിലുള്ള ഖനനം ആമസോൺ വനപ്രദേശത്തിന് കനത്ത ആഘാതമുണ്ടാക്കുമെന്നും പരിസ്ഥിതി നാശത്തിന് വഴിവെക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള കോളനികളായി കാണുന്നത് നിർത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.

